LiveTV

Live

Kerala

പല തവണ വഴുതിപ്പോയി; എം.എം ഹസന് ഇത് വൈകിയെത്തിയ സ്ഥാനം

കാലങ്ങളായി ഹസന്‍റെ പേര് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നതാണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി

പല തവണ വഴുതിപ്പോയി; എം.എം ഹസന് ഇത് വൈകിയെത്തിയ സ്ഥാനം

പാർട്ടിയിൽ വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണ് എം.എം ഹസൻ യു.ഡി.എഫ് കൺവീനർ ആകുന്നത്. കാലങ്ങളായി ഹസന്‍റെ പേര് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നതാണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ നിരവധി വെല്ലുവിളികളാണ് ഹസന് മുന്നിലുള്ളത്.

സംസ്ഥാന കോൺഗ്രസ് നേതൃനിരയിലെ മുതിർന്ന വ്യക്തിത്വം. എ. കെ ആന്‍റണിയുടെ അടുപ്പക്കാരനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായും അറിയപ്പെടുന്നു. പക്ഷേ പദവികൾ വഴുതിപ്പോകാറാണ് പതിവ്. 1980 82ലും കഴക്കൂട്ടത്ത് നിന്നും, 87ലും 91 ലും തിരുവനന്തപുരം വെസ്റ്റിൽ നിന്നും 2001 ൽ കായംകുളത്ത് നിയമസഭയിൽ എത്തി. എന്നാൽ മന്ത്രിസഭയിൽ ഇടം പിടിച്ചത് 2001 ൽ അവസാന എ.കെ ആന്‍റണി മന്ത്രിസഭയിലാണ്. ഏറ്റവും ഒടുവിലായ് പാർലമെന്‍ററി പ്രവാസികാര്യങ്ങളുടെ ചുമതലയായിരുന്നു ലഭിച്ചത്. പാർട്ടി ഭാരവാഹിത്വം പക്ഷേ കൈവിടൽ പതിവായി. ഇതോടെ പാർട്ടിക്കുള്ളിൽ സ്വന്തം നിലക്ക് ജനശ്രീ എന്ന കൂട്ടായ്മ രൂപീകരിച്ച് പാർട്ടിക്കുള്ളിൽ പ്രവർത്തിച്ചു.

പാർട്ടി ചാനൽ തുടങ്ങിയപ്പോൾ അതിന്‍റെയും അമരത്ത് എത്തി. ഒടുവിൽ 2017ൽ കെ.പി.സി.സിയുടെ ഇടക്കാല അധ്യക്ഷ പദവിയിലെത്തി. ഇതിനൊക്കെ മുന്നേ വർഷങ്ങളായി ഹസന് വാഗ്ദാനം ചെയ്യപ്പെട്ടതായിരുന്നു യു.ഡി.എഫ് കൺവീനർ സ്ഥാനം. ഒടുവിൽ ഈ സ്ഥാനത്ത് എത്തുമ്പോൾ സ്വന്തം ഗ്രൂപ്പിൽ മുറിവുണ്ടായി. ഉമ്മൻ ചാണ്ടി തന്നെ ഹസന് വേണ്ടി രംഗത്തിറങ്ങിയപ്പോൾ മറ്റൊരു അടുപ്പക്കാരൻ ബെന്നി ബഹനാൻ പരിഭവിച്ച് പടിയിറങ്ങി. അതോടെ ഹസൻ യു.ഡി.എഫ് കൺവീനറായി.