LiveTV

Live

Kerala

സ്വര്‍ണ്ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

രണ്ടാഴ്ചക്ക് ശേഷം ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയത്

സ്വര്‍ണ്ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. രണ്ടാഴ്ചക്ക് ശേഷം ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ കരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം 36 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഫൈസലിന് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നായിരുന്നു നേരത്തെ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി.

കെ.ടി റമീസിന്‍റെയും സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴികളാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നീങ്ങിയത്. ചോദ്യം ചെയ്യലില്‍ ഫൈസല്‍ നല്‍കിയ മൊഴി കസ്റ്റംസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇത് മറ്റ് പ്രതികളുടെ മൊഴികളുമായി ഒത്തുനോക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും അടുത്ത ചോദ്യം ചെയ്യും. അതേസമയം കരാട്ട് ഫൈസലിന് കേസില്‍ പങ്കില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും ഫൈസലിന്‍റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.