LiveTV

Live

Kerala

കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്

കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. അതേസമയം ഫൈസലിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇന്നലെ പുലർച്ചെ നാലുമണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. 36 മണിക്കൂറോളം കസ്റ്റഡിയില്‍വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചത്.ഫൈസലിനെതിരെ നല്‍കിയ മൊഴികള്‍ സാധൂകരിക്കാന്‍ കഴിയുന്ന രേഖകളോ ശക്തമായ തെളിവുകളോ കസ്റ്റംസിന് ലഭ്യമായിട്ടില്ലെന്നാണ് സൂചന.

കാരാട്ട് ഫൈസലിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് വിവരം. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നായിരുന്നു നേരത്തെ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി. കെ.ടി റമീസിന്‍റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴികളാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നീങ്ങിയത്.

അതേസമയം സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. കൊടുവള്ളിയിൽ നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങിയത്. ഫൈസലിനെ വിട്ടയക്കുന്നതിന് തൊട്ടുമുമ്പ് എന്‍.ഐ.എ സംഘവും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്‍.ഐ.എ സംഘം തേടിയതായാണ് സൂചന.