LiveTV

Live

Kerala

സെന്‍ട്രല്‍ ജയിലിന് മുന്നിലെ ഈ ഗാന്ധിപ്രതിമ നിര്‍മിച്ചത് ആരാണെന്നറിയുമോ.....? കളളനോട്ട് കേസിലെ പ്രതിയാണ്....!!

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ഒരു അടയാള വാക്യം പോലെ നില്‍ക്കുന്ന ഈ പ്രതിമയുടെ നിര്‍മാണത്തിന് പിന്നില്‍ ഒരു കഥയുണ്ട്

സെന്‍ട്രല്‍ ജയിലിന് മുന്നിലെ ഈ ഗാന്ധിപ്രതിമ നിര്‍മിച്ചത് ആരാണെന്നറിയുമോ.....? കളളനോട്ട് കേസിലെ പ്രതിയാണ്....!!

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ ഈ ഗാന്ധിപ്രതിമ നിര്‍മ്മിച്ചത് കളളനോട്ട് കേസിലെ പ്രതിയാണ്. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അല്ലേ..? എന്നാല്‍ സംഗതി സത്യമാണ്....!!

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ഒരു അടയാള വാക്യം പോലെ ഈ ഗാന്ധി പ്രതിമ നിലയുറപ്പിച്ചിട്ട് അറ് പതിറ്റാണ്ട് പിന്നിടുന്നു. എന്നാല്‍ ആ പ്രതിമയുടെ നിര്‍മാണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. 1957ലാണ് സംഭവം നടക്കുന്നത്. അക്കാലത്ത് ഏറെ പ്രമാദമായ മട്ടാഞ്ചേരി കളളനോട്ട് കേസുമായി ബന്ധപ്പെട്ട് നാല് പേരെ കോയമ്പത്തൂരില്‍ വെച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നു. ശേഷം പ്രതികളെ കോടതി നാല് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുന്നു. പിന്നീട് 1958ല്‍ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പ്രതികളിലൊരാളായിരുന്നു മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് . കളളനോട്ടില്‍ ഗാന്ധിജിയുടെ ചിത്രം വരച്ചിരുന്നത് ഇയാളായിരുന്നു. ചെറുപ്പം മുതലെ ചിത്ര രചനയില്‍ മികവ് കാട്ടിയിരുന്ന ഫ്രാന്‍സിസിന് മുന്നില്‍ അന്നത്തെ ചീഫ് ജയിലര്‍ എം.വിശ്വനാഥന്‍ ഒരു ആവശ്യം മുന്നോട്ട് വെച്ചു. ജയിലിന് മുന്നില്‍ ഒരു ഗാന്ധി പ്രതിമ നിര്‍മിക്കണം എന്നായിരുന്നു ആ ആവശ്യം.1959ല്‍ ഗാന്ധി പ്രതിമ നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതിയും നല്‍കി. ജയിലറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗാന്ധി പ്രതിമ നിര്‍മിക്കാനുളള ദൌത്യം ഫ്രാന്‍സിസ് ഏറ്റെടുത്തു.

ആദ്യം മണ്ണെണ്ണ വിളക്കില്‍ നിന്നുളള പുക ഉപയോഗിച്ച് ഫ്രാന്‍സിസ് വെളളക്കടലാസില്‍ ഗാന്ധിയുടെ ചിത്രം വരച്ചു. തുടര്‍ന്ന് ആറ് മാസം കൊണ്ട് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.1960 മെയ് ഏഴിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ അത് കാണാനുള്ള യോഗം ഫ്രാന്‍സിസിന് ഉണ്ടായില്ല, രാവിലെ പതിനൊന്നര മണിയോടെ ഫ്രാന്‍സിസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാലം ഒരുപാട് കഴിഞ്ഞു, ഇന്ന് ഫ്രാന്‍സിസ് ആരുടെയും ഓര്‍മയിലുണ്ടാവണമെന്നില്ല. എങ്കിലും കളളനോട്ട് കേസിലെ പ്രതി നിര്‍മിച്ച ആ പ്രതിമ ഇന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ തലയുയര്‍ത്തി തന്നെ നില്‍പ്പുണ്ട്.