LiveTV

Live

Kerala

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്, അച്ചടക്കം പാലിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജി വെച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മുല്ലപ്പള്ളി

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്, അച്ചടക്കം പാലിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കെ മുരളീധരന്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മു‌ല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ പാര്‍ട്ടിയോട് നിഴല്‍ യുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്ന നിലപാട് പരസ്യമായി ആവര്‍ത്തിച്ച് കെ മുരളീധരന്‍ വീണ്ടും രംഗത്തെത്തി.

സര്‍ക്കാരിന് എതിരായ സമരം നിര്‍ത്തിയത് എല്ലാവരോടും ആലോചിച്ചാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്ന് പറഞ്ഞായിരുന്നു നേതൃത്വത്തിന് എതിരെയുള്ള വിമര്‍ശനങ്ങളെ ഒന്നൊന്നായി മുല്ലപ്പള്ളി പ്രതിരോധിച്ചത്. വിമര്‍ശനമുള്ളവര്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കണമെന്നും എല്ലാം ഹൈക്കമാ‌ന്റ് നിരീക്ഷിക്കുന്നുണ്ടെന്നും പരസ്യ പ്രസ്താവന നടത്തുന്ന കെ മുരളീധരന്‍ അടക്കമുള്ളവര്‍ക്ക് കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയകാര്യ സമിതി ചേരുന്നില്ലെന്ന വാദത്തെയും മുല്ലപ്പള്ളി തള്ളി.

പരസ്യ പ്രസ്താവനക്ക് വിലക്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞതിന് പിന്നാലെ മറുപടിയുമായി കെ മുരളീധരനെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ രാജിവെയ്ക്കുന്ന കാര്യം അവര്‍ തന്നെ തീരുമാനിക്കട്ടെയെന്ന് കൂടി പറഞ്ഞുവെച്ചു.