LiveTV

Live

Kerala

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ ആത്മഹത്യയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യതയും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ട് സി.പി.എം എഴുതി നല്‍കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ ആത്മഹത്യയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ സാജന്‍റെ ഉടമസ്ഥതയിലുളള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ കാലതാമസമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ബാധ്യതയാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതിനൊപ്പം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പോലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. അസ്വാഭാവിക മരണത്തിന് വളപട്ടണം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ സി.ഐ എം.കൃഷ്ണന്‍ തളിപ്പറമ്പ് സബ്ബ് ഡിവിഷണല്‍ മജിസ്ട്രേട്ട് മുന്‍പാകെ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

എന്നാല്‍ സി.പി.എം എഴുതി നല്‍കിയ റിപ്പോര്‍ട്ടാണിതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് പുനരന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 2019 ജൂണ്‍ 18നാണ് പ്രവാസി വ്യവസായി സാജന്‍ ആന്തൂരിലെ സ്വന്തം വീടിനുളളില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളക്കതിരെ സാജന്‍റെ കുടുംബം രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.