LiveTV

Live

Kerala

വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട്‌ നീക്കം ചെയ്തു

വീഡിയോ നീക്കം ചെയ്യാൻ യൂട്യൂബിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട്‌ നീക്കം ചെയ്തു

സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൌണ്ടും അശ്ലീല പരാമര്‍ശമുള്ള വീഡിയോയും നീക്കം ചെയ്തു. കേസ് സൈബര്‍ ക്രൈം പൊലീസിന് കൈമാറി. വിജയ് പി നായരെ തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

വീഡിയോ നീക്കാന്‍ യൂ ട്യൂബ് അധികൃതരോട് കഴിഞ്ഞ ദിവസം പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീഡിയോയില്‍ നിരവധി മോശം കമന്‍റുകളും നിറഞ്ഞിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് യൂ ട്യൂബ് അധികൃതരുടെ നടപടിയെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ വീഡിയോ നിരവധി പേര്‍ ഡൌണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തത് പൊലീസിന് പ്രതിസന്ധിയായി.

മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് സൈബര്‍ ക്രൈം പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതി വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി നിയമത്തിലെ 67, 67 (A) ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് വിജയ് പി നായർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതി വിജയ് പി നായര്‍ വീഡിയോ ചിത്രീകരിച്ചെന്ന് കരുതുന്ന സ്റ്റാച്യുവിലെ ലോഡ്ജില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

സംവിധായകന്‍ ശാന്തിവിള ദിനേശ് വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയും സൈബര്‍ ക്രൈം പൊലീസിന് കൈമാറി. വിജയ് പി നായരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ തീരുമാനം വന്ന ശേഷം തുടര്‍നടപടി മതിയെന്നാണ് പൊലീസ് നിലപാട്.