LiveTV

Live

Kerala

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പൊലീസ് വിശദീകരണത്തില്‍ വൈരുധ്യം

കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിനൊപ്പമുണ്ടായിരുന്ന മറ്റൊരു മാവോയിസ്റ്റാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പുതിയ വിശദീകരണം.

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പൊലീസ് വിശദീകരണത്തില്‍ വൈരുധ്യം

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയുള്ള പൊലീസ് വിശദീകരണത്തില്‍ വൈരുധ്യം. കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിനൊപ്പമുണ്ടായിരുന്ന മറ്റൊരു മാവോയിസ്റ്റാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പുതിയ വിശദീകരണം. എന്നാല്‍ റിസോര്‍ട്ടിലുണ്ടായിരുന്ന രണ്ട് മാവോയിസ്റ്റുകള്‍ വെടിവെച്ചെന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ സി.എ ആദ്യ മൊഴി നല്‍കിയിരുന്നത്.

''റിസോര്‍ട്ടിന്റെ റിസപ്ഷന്‍ ഭാഗത്താണ് മാവോയിസ്റ്റുകളുണ്ടായിരുന്നത്. പൊലീസ് സംഘത്തെ കണ്ടയുടന്‍ ഇരുവരും അവരുടെ കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് വെടിയുതിര്‍ത്തു. തുടര്‍ന്ന് വെടി നിര്‍ത്താന്‍ മുന്നറിയിപ്പ് നല്കിയെങ്കിലും കേട്ടില്ല. സ്വരക്ഷക്കായി തിരികെ വെടിവെച്ചു. ഒരാള്‍ കൊല്ലപ്പെട്ടു.'' ഇതാണ് ഏറ്റുമുട്ടലിന്റെ അടുത്ത ദിവസം സി.ഐ ഡിവൈഎസ്പിക്ക് നല്കിയ മൊഴിയില്‍ പറയുന്നത്.

സി.പി ജലില്‍ വെടിവെച്ചില്ലെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വന്നതോടെയാണ് ഈ നിലപാടില്‍ നിന്ന് പൊലീസ് പിന്മാറിയത്. സി.പി ജലീലിൽ നിന്ന് കണ്ടെടുത്ത തോക്കിൽ നിന്ന് വെടി ഉയർത്തിയിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്‍റെ വലതു കൈയിൽ നിന്നും വെടിമരുന്നിന്‍റെ അംശവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പൊലീസ് റിവോൾവറിലേതാണെന്നും ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നു.

മജിസ്റ്റിരിയില്‍ റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഉദ്ദരിച്ച് പൊലീസ് പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് വെടിവെയ്പുണ്ടായതായി പറയുന്നു. ജലിലിനൊപ്പമുണ്ടായിരുന്ന മറ്റു മാവോയിസ്റ്റാണ് വെടിവെച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിലെ ജാള്യത മറികടക്കാനാണ് പൊലീസ് ശ്രമമെന്ന് സി.പി ജലീലിന്റെ സഹോദരന്‍ കുറ്റപ്പെടുത്തി.