LiveTV

Live

Kerala

9 മാസമായി പ്രമീള ഈ കിടപ്പിലായിട്ട്; മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി മറ്റൊരു കുടുംബം

ചികിത്സക്കായി കുടുംബം ഇതിനോടകം ചെലവാക്കിയത് 15 ലക്ഷത്തോളം രൂപ

9 മാസമായി പ്രമീള ഈ കിടപ്പിലായിട്ട്; മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി മറ്റൊരു കുടുംബം

പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി കഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ 9 മാസമായി ദുരിതത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ 28 കാരിയാണ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാ പിഴവാണ് കാരണമെന്ന് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം. ചികിത്സക്കായി കുടുംബം ഇതിനോടകം ചെലവാക്കിയത് 15 ലക്ഷത്തോളം രൂപ.

വെറും 28 വയസ്സ് മാത്രം പ്രായമുള്ള യുവതിയാണ് ഒരു കട്ടിലിൽ ഒന്നനങ്ങാൻ പോലുമാകാതെ കാണുന്നവരുടെ കണ്ണ് നിറക്കുന്ന ദുരിതം പേറി കിടക്കുന്നത്.

കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിനി 28കാരി പ്രമീള മഞ്ചേരി മെഡിക്കൽ കോളജിൽ താല്‍ക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യയുമായിരുന്നു. ഗർഭാവസ്ഥയിൽ ചികിത്സ തേടിയതും പ്രമീള ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ. പ്രസവ തീയതിയോടടുത്ത് ആറ്റ് നോറ്റിരുന്ന കുഞ്ഞിന് ജന്മം നല്‍കാനായാണ് ഏറ്റവുമൊടുവിൽ പ്രമീള മഞ്ചേരി മെഡിക്കൽ കോളജില്‍ പോകുന്നത്. 2019 ഡിസംബർ 27ന് സഹോദരിയോടൊപ്പം നടന്നും ബസ് കയറിയും ആശുപത്രിയിലേക്ക് പോയ പ്രമീള തിരിച്ചു വന്നത് ഈ അവസ്ഥയിലാണ്.

ഗുരുതര ആരോപണങ്ങളാണ് പ്രമീളയുടെ കുടുംബം മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഉയർത്തുന്നത്. ഇതിനിടെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളജിലുമായി മാസങ്ങളോളം ചികിൽസിച്ചെങ്കിലും പ്രമീളയുടെ സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായില്ല, അത്രയും നാളത്തെ ചികിൽസക്കായി ചിലവായതാകട്ടെ 15 ലക്ഷത്തോളം രൂപയും. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു.

പ്രമീള ജന്മം നൽകിയ കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ കുടുംബങ്ങളോടൊപ്പം കഴിയുന്നു. എന്നാൽ അമ്മയുടെ ലാളനയറിയാതെയാണ് കുട്ടി 9 മാസം തികച്ചത്. ഒപ്പം ഒന്നുമറിയാതെ ഒരു കട്ടിലിൽ പ്രമീളയും.