LiveTV

Live

Kerala

എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത്; ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി

ഈ രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.

എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത്; ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി

നിയമസഭയിലേക്ക് മത്സരിക്കണമെന്ന പ്രസ്താവനകളിലൂടെ എംപിമാര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. എംപിമാര്‍ നിയമ സഭയിലേക്ക് മത്സരിക്കാൻ നീക്കം നടത്തുന്നതിന് എതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നു. എംപിമാരെ മത്സരിപ്പിക്കരുതെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

നിയമസഭാ സീറ്റ് ലക്ഷ്യം വെച്ച് എംപിമാർ നീക്കം തുടങ്ങിയെന്ന വാർത്ത സജീവമായതോടെയാണ് അതിനെതിരെ സംസ്ഥാന അധ്യക്ഷൻ ദേശീയ നേതൃത്വത്തെ സമീപിച്ചത്. കൂടുതൽ ലോക്സഭാ സീറ്റുകൾ ലക്ഷ്യം വച്ചാണ് എംഎൽഎമാരെ പാർലമെന്‍റിലേക്ക് മത്സരിപ്പിച്ചത്. അവരെ ഇനി രാജി വെയ്പിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ് നേതാക്കൾ വഴി അനാവശ്യമായി സ്ഥാനങ്ങൾ നേടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി നിലപാടെടുത്തു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കരുതെന്ന് ഗ്രൂപ്പ് നേതാക്കളോടും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെപിസിസി നേതൃത്വത്തിനെതിരെ എംപിമാർ കൂട്ടത്തോടെ പരാതി പറയാൻ തുടങ്ങിയതോടെയാണ് അധ്യക്ഷൻ നിലപാട് കടുപ്പിച്ചത്. അതേസമയം എംപിമാർ കേരളത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ. പുനസംഘടന തീരുമാനങ്ങൾ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്താണ് കൈക്കൊണ്ടതെന്ന നിലപാട് ഇതിനിടെ മുല്ലപ്പള്ളി പരസ്യമാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ ദേശീയ നേതൃത്വം അതൃപ്തരാണ്. തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനായി ഹൈക്കമാൻഡും കെപിസിസി നേതൃത്വവും തമ്മിൽ കൂടിയാലോചനകൾ ആരംഭിച്ചു.