LiveTV

Live

Kerala

ഗർഭസ്ഥ ശിശുക്കളുടെ മരണകാരണം ആരോഗ്യവകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥ - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കേരളത്തിൽ ഏറ്റവും അധികം കോവിഡ് രോഗികളായ ഗർഭിണികൾ അഡ്മിറ്റ് ചെയ്യപ്പെടുന്ന കോവിഡ് സെന്ററാണ് മഞ്ചേരി മെഡിക്കൽ കോളേജിലേത്.

ഗർഭസ്ഥ ശിശുക്കളുടെ മരണകാരണം ആരോഗ്യവകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥ - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറത്ത് മതിയായ ചികിത്സയുടെ അഭാവത്തിൽ ഗർഭസ്ഥ ശിശുക്കൾ മരണപ്പെടാനിടയായത് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥ കാരണമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

പ്രസവവേദനയുമായെത്തിയ യുവതിക്ക് 14 മണിക്കൂറോളം ചികിത്സ ലഭ്യമാകാതിരുന്നതും ഇരട്ടശിശുക്കൾ ദാരുണമായി മരിക്കുകയും ചെയ്ത സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആരോഗ്യ വകുപ്പിനോ സർക്കാരിനോ ഒഴിഞ്ഞുമാറാനാകില്ല. കേരളത്തിൽ ഏറ്റവും അധികം കോവിഡ് രോഗികളായ ഗർഭിണികൾ അഡ്മിറ്റ് ചെയ്യപ്പെടുന്ന കോവിഡ് സെന്ററാണ് മഞ്ചേരി മെഡിക്കൽ കോളേജിലേത്. അതിനനുയോജ്യമായ അളവിൽ സൗകര്യങ്ങളോ ഡോക്ടർമാരോ അവിടെയില്ലെന്നത് യാഥാർത്ഥ്യമാണ്.

കോവിഡ് പശ്ചാത്തലത്തിൽ ഹെൽത്ത് സർവീസിലുണ്ടായിരുന്ന ഡോക്ടർമാരെ പൂർണ്ണമായി മറ്റു ഹോസ്പിറ്റലുകളിലേക്ക് മാറ്റിയതോടെ ഗൈനക്കോളജി ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ മൂന്നിലൊന്ന് ശതമാനം ഡോക്ടർമാരുടെ മാത്രം സേവനമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഡോക്ടർമാർ തന്നെ നിരവധി തവണ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു എന്നാണറിയുന്നത്.

ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലുള്ള, കോവിഡ് നെഗറ്റീവ് ആകുന്നവരെപ്പോലും മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സംവിധാനമാണ് അവിടെ നിലനിൽക്കുന്നത്. പ്രസവവേദന വന്ന ശേഷവും കോവിഡ് നെഗറ്റീവ് ആണെന്ന കാരണത്താൽ റഫർ ചെയ്തതിന്റെ അനുഭവമാണ് ശിശുക്കൾ മരിക്കാനിടയാക്കിയത്.

സംഭവത്തിൽ നീതിപൂർവകമായ അന്വേഷണം നടക്കണം. 35 ആഴ്ചകൾ പൂർത്തീകരിച്ച ശേഷവും വളർച്ച പൂർത്തിയാവാത്ത ഗർഭമെന്ന (Preterm) കാരണം പറഞ്ഞ് നിലമ്പൂർ താലൂക്കാശുപത്രിയിൽ നിന്ന് മടക്കിയയച്ച സംഭവം അന്വേഷിക്കപ്പെടണം. സാധാരണക്കാരുടെ അവസാന ആശ്രയമായ കോഴിക്കോട് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിൽ നിന്നുമുണ്ടായ അനുഭവവും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഒ.പി സമയം കഴിഞ്ഞെന്ന സാങ്കേതിക കാരണം പറഞ്ഞാണ് അപകടനിലയിലുള്ള രോഗിയെ തൊട്ടടുത്ത മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടാതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് റഫർ ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പരാജയമാണിത് കാണിക്കുന്നത്.

കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രോട്ടോക്കോളുകൾ സ്വകാര്യ ആശുപത്രികൾ പിന്തുടരുന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും വലിയ പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്. സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ഏകീകരിച്ച കോവിഡ് ടെസ്റ്റ് പ്രോട്ടോക്കോൾ രൂപീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.

തെറ്റായ നയങ്ങൾ തിരുത്തി രോഗികൾക്ക് സർക്കാരും ആരോഗ്യ വകുപ്പും സുതാര്യമായ സംവിധാനങ്ങൾ ഉറപ്പു നൽകണം. സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും രോഗികളെ കൈയ്യൊഴിയുന്ന അവസ്ഥ ഭീകരമാണ്. അടിയന്തര സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് ഗർഭിണികളെയടക്കം ചികിത്സിക്കപ്പെടുന്നതിന്നുള്ള സൗകര്യവും സ്റ്റാഫും കോവിഡ് സെൻററുകളിലുമുണ്ടാവണം. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായതോടെ ഉണ്ടാവുന്ന പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ, താലൂക്ക് ആശുപത്രികളിൽ കൂടുതൽ സൗകര്യവും സംവിധാനവും ലഭ്യമാക്കണം.