LiveTV

Live

Kerala

മതനിരപേക്ഷരായി ജീവിക്കുന്ന കുടുംബത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി

വടശ്ശേരിക്കര സ്വദേശി വിജയകുമാർ മക്കളുടെ പഠനാവശ്യത്തിനായി നല്‍കിയ അപേക്ഷയിലാണ് അധികൃതരുടെ അനാസ്ഥ. അപേക്ഷനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ കുടുബം താലൂക്ക് ഓഫീസിന് മുന്നില്‍ സമരംതുടങ്ങി

മതനിരപേക്ഷരായി ജീവിക്കുന്ന കുടുംബത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി

പത്തനംതിട്ട റാന്നിയില്‍ മതനിരപേക്ഷരായി ജീവിക്കുന്ന കുടുംബത്തിന് നിയമ തടസങ്ങളില്ലാതിരുന്നിട്ടും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി. വടശ്ശേരിക്കര സ്വദേശി വിജയകുമാർ മക്കളുടെ പഠനാവശ്യത്തിനായി നല്‍കിയ അപേക്ഷയിലാണ് അധികൃതരുടെ അനാസ്ഥ. അതേസമയം അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കുടുബം താലൂക്ക് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു. വടശ്ശേരിക്കര സ്വദേശി ടി.ജി വിജയകുമാർ മക്കളുടെ തുടർപഠനത്തിന് വേണ്ടിയാണ് മൂന്ന് മാസം മുമ്പ് റാന്നി താലൂക്ക് ഓഫീസില്‍ ജാതിസർട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്.

പട്ടികജാതി വിഭാഗക്കാരനായ മതവിശ്വാസിയല്ലാത്ത വിജയകുമാറും കുടുംബവും മുമ്പ് നിരവധി തവണ ജാതി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ സർട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോള്‍ റാന്നി താലൂക്ക് ഓഫീസർ നിരസിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കുടുംബം താലൂക്ക് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്.

മനുഷ്യാവകാശ കമ്മീഷനടക്കം ഇതേ വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മതരഹിതാരായ നിരവധി പട്ടികജാതിക്കാർക്ക് ഇതേ ഓഫീസില്‍ നിന്ന് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടന്നും കേശവദേവ് പറയുന്നു. എന്നാല്‍ ഇത്തരം നടപടി നിയമവിരുദ്ധമാണന്നും സർട്ടിഫിക്കറ്റ് നല്കാനാവില്ലന്നുമാണ് നിലവിലെ താലൂക്ക് ഓഫീസറുടെ നിലപാട്.

പരാതിക്കാരനായ വിജയകുമാറും ഭാര്യ പിതാവ് കേശവദേവുമടക്കം പലതവണ വിഷയം ചൂണ്ടിക്കാട്ടി കലക്ടർക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫയലുകള്‍ പരിശോധിച്ച ശേഷം നാളെ അന്തിമതീരുമാനം എടുക്കാമെന്നാണ് ഇവർക്ക് മറുപടി ലഭിച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകാനും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കാനുമാണ് കുടുംത്തിന്‍റെ തീരുമാനം.