LiveTV

Live

Kerala

സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്നാര്‍ക്കറിയാം; നീതു വിവാദത്തില്‍ എഎ റഹീം

അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്നാര്‍ക്കറിയാം; നീതു വിവാദത്തില്‍ എഎ റഹീം

ലൈഫ് മിഷൻ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിലെ പെൺകുട്ടിയെ തേടിയായിരുന്നു എംഎൽഎ അനിൽ അക്കരയുടെ ഇന്നത്തെ കുത്തിയിരുപ്പ്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ വൈറല്‍ കത്തിന് ഉടമയായ നീതുവിനെ കാത്ത് റോഡില്‍ കുത്തിയിരുന്ന അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തി. അനില്‍ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറയാനാകില്ലല്ലോ എന്നും സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നും റഹീം പറഞ്ഞു.

''ഇനി യഥാര്‍ത്ഥത്തില്‍ ഈ നീതു എന്ന ക്യാരക്ടര്‍ ഉണ്ടോയെന്നും അവര്‍ കത്തയച്ചോയെന്നും നമുക്കറിയില്ല. അവര്‍ ആരാണെന്നും നമുക്കറിയില്ല. ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്നും അറിയാന്‍ പറ്റില്ല. അവര്‍ അതൊക്കെ ചെയ്യും. സ്വന്തമായി വീടിന് തീവച്ചിട്ട് വാര്‍ത്താപ്രാധാന്യം കണ്ടെത്തിയ നേതാവുണ്ടല്ലോ ചെറിയ ആളൊന്നുമല്ല കെ.പി.സി.സി നേതാവാണ് അയാള്‍'' റഹീം പറഞ്ഞു.

സ്വന്തമായി തലമുടി മുറിച്ചിട്ട് വാര്‍ത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്. സ്വന്തമായിട്ട് വീടും വാഹനവും കത്തിച്ചിട്ട് മാര്‍ക്‌സിസ്റ്റുകാര്‍ അക്രമിച്ചു എന്ന് പറഞ്ഞ് ഇരവാദമുയര്‍ത്തിയ ഒരു മുന്‍ എം.എല്‍.എ ശെല്‍വരാജിന്റെ നാടല്ലേ ഇത്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരം സതീശന്‍ കഞ്ഞിക്കുഴിയുടെ സംസ്‌ക്കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. പറയാന്‍ പറ്റില്ല,’ എ.എ റഹീം പറഞ്ഞു.

നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ പന്തൽ കെട്ടി എം.എൽ.എ കാത്തിരുന്നത്. നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തി.

രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പോലീസിൽ എം.എൽ.എ പരാതി നൽകി. അതേസമയം ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്ന് കാണിച്ച് പി.ആർ.ഡി നടത്തുന്ന പ്രചരണം വ്യാജമാണെന്നും അനിൽ അക്കര ആരോപിച്ചു.