LiveTV

Live

Kerala

വൈത്തിരി ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീൽ വെടിയുതിർത്തതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പോലീസുകാരുടെ തോക്കിൽ നിന്ന്. ജലീലിന്‍റെ ശരീരത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വൈത്തിരി ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീൽ വെടിയുതിർത്തതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

വയനാട് വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു. സി.പി ജലീലിൽ നിന്ന് കണ്ടെടുത്ത തോക്കിൽ നിന്ന് വെടി ഉയർത്തിയിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിൻറെ വലതു കൈയിൽ നിന്നും വെടിമരുന്നിന്‍റെ അംശവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പൊലീസ് റിവോൾവറിലേതാണെന്നും ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നു. വൈത്തിരിയിലേത് വ്യാജഏറ്റുമുട്ടൽ ആണെന്ന് തെളിഞ്ഞതായി സി.പി ജലീലിന്‍റെ സഹോദരൻ സി.പി റഷീദ് പറഞ്ഞു.

വൈത്തിരിയിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ച് കൽപ്പറ്റ സെഷൻസ് കോടതിയിൽ ഫോറൻസിക് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സി.പി ജലീലിന്‍റെ സമീപത്തുനിന്ന് കണ്ടെടുത്ത തോക്ക് ഇരുപത്തിയേഴാം ഇനമായാണ് ഫോറൻസിക് സംഘം പരിശോധിച്ചത്. തോക്കിൽ നിന്ന് വെടിയുണ്ടയുതിർത്തതിനു തെളിവില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സി. പി ജലീലിന്‍റെ വലതുകൈയിൽ നിന്നെടുത്ത സ്രവത്തിൽ വെടിമരുന്നിന്റെ അംശം ഇല്ല. എന്നാൽ ഇടതു കയ്യിൽ നിന്ന് എടുത്ത സ്രവത്തിൽ ലെഡിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലീസ് ഉപയോഗിക്കുന്ന സർവീസ് റിവോൾവറിൽ നിന്നുള്ളതാണെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്

മാവോയിസ്റ്റുകൾ വെടിയുതിർത്തതിന് പ്രതികരണമായാണ് പോലീസ് സംഘം വെടിയുതിർത്തതെന്ന പോലീസ് ഭാഷ്യത്തെ തള്ളിക്കളയുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

അതേസമയം സിപി ജലീലിന്‍റെ ശരീരത്തിൽ നിന്നും കണ്ടെത്തിയ വെടിയുണ്ട കോടതിയിൽ സമർപ്പിക്കപ്പെട്ട തോക്കുകളിൽ നിന്നുള്ളതല്ലെന്നതാണ് ഫോറൻസിക് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ജലീലിന്റെ ഇടത് കൈയിൽ നിന്ന് കണ്ടെത്തിയ ലെഡിന്‍റെ അംശവും ഫോറൻസിക് റിപ്പോർട്ടിനെ ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.