LiveTV

Live

Kerala

സിബിഐ എഫ്ഐആർ തടസ്സമല്ല: ലൈഫ് ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം തുടരും

സിബിഐ എഫ്ഐആർ വിജിലൻസ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്.

സിബിഐ എഫ്ഐആർ തടസ്സമല്ല: ലൈഫ് ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം തുടരും

ലൈഫ് മിഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാൻ വിജിലൻസ് തീരുമാനം. സിബിഐ എഫ്ഐആർ വിജിലൻസ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്. അഴിമതി കണ്ടെത്തിയാൽ കേസെടുക്കുന്നതിനും വിജിലൻസിന് തടസ്സമില്ലെന്നാണ് നിയമോപദേശം.

ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ലൈഫിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ നിയമ തടസ്സമുണ്ടാകുമെന്ന് സംശയം ഉയർന്നത്. ഒരേ സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മുൻനിർത്തിയായിരുന്നു ഈ ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്ന കാര്യത്തിൽ വിജിലൻസ് നിയമവശം പരിശോധിച്ചത്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് വിജിലൻസ് പരിശോധിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ലൈഫിലെ സിബിഐ അന്വേഷണം. രണ്ട് അന്വേഷണവും വ്യത്യസ്ത കാര്യങ്ങളിലായതിനാൽ വിജിലൻസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.

നിയമവശം അനുകൂലമായതോടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ നിന്നും ലൈഫ് മിഷന്‍ ഓഫീസില്‍ നിന്നും ശേഖരിച്ച ഫയലുകളുടെ പരിശോധന തുടരാനാണ് വിജിലന്‍സ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിനുള്ള അനുമതി പത്രങ്ങള്‍, ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ എന്നിവയടക്കം 1000 പേജുകള്‍ക്കടുത്ത് വരുന്ന ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് കൂടുതല്‍ ഫയലുകള്‍ ശേഖരിക്കാനും അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.