LiveTV

Live

Kerala

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: യുവതിയുടെ ആന്‍റിജന്‍ ഫലം രണ്ട് തവണ നെഗറ്റീവായിട്ടും ചികിത്സ നിഷേധിച്ചെന്ന് കുടുംബം

ഇനിയെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കുടുംബം

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: യുവതിയുടെ ആന്‍റിജന്‍ ഫലം രണ്ട് തവണ നെഗറ്റീവായിട്ടും ചികിത്സ നിഷേധിച്ചെന്ന് കുടുംബം

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കുടുംബം നിയമ നടപടിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ആന്‍റിജന്‍ പരിശോധനാ ഫലം സ്വീകരിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായത്. സര്‍ക്കാര്‍ അംഗീകരിച്ച ആന്‍റിജന്‍ പരിശോധനാഫലം സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചികിത്സ വൈകിയത്. ഇനിയെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മരിച്ച കുട്ടികളുടെ കോവിഡ് ഫലം നെഗറ്റീവാണ്. മൃതദേഹങ്ങള്‍ സംസ്കരിക്കാനായി കുടുംബത്തിന് വിട്ടുനല്‍കി. യുവതിയുടെ ആന്‍റിജന്‍ പരിശോധനാ ഫലം രണ്ട് തവണ നെഗറ്റീവായതാണ്. ഇനി ആര്‍ടി പിസിആര്‍ പരിശോധന കൂടി വേണമെന്നാണ് ആശുപത്രിയില്‍ നിന്നറിയിച്ചത്. 14 മണിക്കൂര്‍ ചികിത്സ വൈകിയ സംഭവം ഗുരുതരമാണെന്നും കോവിഡ് കാലത്ത് സംസ്ഥാനത്ത് മറ്റ് ചികിത്സകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.