LiveTV

Live

Kerala

ദളിതനാണെങ്കിലും, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദരിദ്രരായ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്ന് ജിഗ്നേഷ് മേവാനി

കര്‍ഷക ബില്‍ രാഷ്ട്രപതി ഒപ്പിട്ടതിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ലെന്നും മേവാനി പറഞ്ഞു.

ദളിതനാണെങ്കിലും, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദരിദ്രരായ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്ന് ജിഗ്നേഷ് മേവാനി

പട്ടികജാതികാരനാണെങ്കിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവരോടൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ. കര്‍ഷക ബില്‍ രാഷ്ട്രപതി ഒപ്പിട്ടതിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ലെന്നും മേവാനി പറഞ്ഞു. എന്നാല്‍ ഉയര്‍ന്നതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ (ബ്രാഹ്മണര്‍ ഉള്‍പ്പെടെ)ജനിച്ചതുകൊണ്ട് ഒരാള്‍ ദരിദ്രര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളാകണം എന്നില്ലെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെയാണ് ഇന്നലെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്.

നാടകീയ രംഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിനെതിരെ വ്യാപകമായ കർഷക രോഷവും ഉയർന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള കേന്ദ്രമന്ത്രി എം.പി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ സമരത്തിലായിരുന്നു.

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.