LiveTV

Live

Kerala

ഇത് പഞ്ചാബി ഹൌസ് മോഡല്‍ നാടുവിടല്‍ ‍: ആലുവയില്‍ പുഴയില്‍ ചാടി 'ആത്മഹത്യ' ചെയ്ത യുവാവ് കോട്ടയത്ത് പിടിയില്‍

ആലുവ പെരിയാറിൽ ശിവരാത്രി മണപ്പുറം കടവിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സുധീർ ധരിച്ചിരുന്ന വസ്ത്രങ്ങളും വാച്ചും മൊബൈലും ചെരുപ്പുകളും കണ്ടത്.

ഇത് പഞ്ചാബി ഹൌസ് മോഡല്‍ നാടുവിടല്‍ ‍: ആലുവയില്‍ പുഴയില്‍ ചാടി 'ആത്മഹത്യ' ചെയ്ത യുവാവ് കോട്ടയത്ത് പിടിയില്‍

ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിപ്പിക്കാൻ പുഴക്കരികിൽ വസ്ത്രം ഊരി വച്ച് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ആലുവ മുപ്പത്തടം സ്വദേശി സുധീറിനെയാണ് കോട്ടയത്ത് നിന്ന് പൊലീസ് പിടികൂടിയത്. കടബാധ്യത വര്‍ധിച്ചപ്പോള്‍ കടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്തതാണെന്നാണ് സുധീര്‍ പറയുന്നത്.

പഞ്ചാബി ഹൌസ് എന്ന സിനിമയില്‍ നായകനായ ദിലീപ് കാണിച്ചതുപോലെ തന്നെയാണ് ആലുവ സ്വദേശി സുധീറും നാടുവിടാന്‍ ശ്രമിച്ചത്. ആലുവ പെരിയാറിൽ ശിവരാത്രി മണപ്പുറം കടവിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സുധീർ ധരിച്ചിരുന്ന വസ്ത്രങ്ങളും വാച്ചും മൊബൈലും ചെരുപ്പുകളും കണ്ടത്.

യുവാവ് മുങ്ങി മരിച്ചതാണെന്ന ധാരണയിൽ തഹസിൽദാരടക്കമുള്ളവരുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും ചേർന്ന് രണ്ട് ദിവസം തിരച്ചിൽ നടത്തി. വസ്ത്രങ്ങള്‍ കണ്ട് ആളെ തിരിച്ചറിഞ്ഞതോടെ വീട്ടുകാരും യുവാവ് മരിച്ചെന്നുറപ്പിച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കോട്ടയത്ത് നിന്ന് സുധീര്‍ ഭാര്യയെ ഫോണ്‍ ചെയ്തു. ഇതോടെയാണ് കടക്കാരെ പറ്റിക്കാനുള്ള സുധീറിന്‍റെ തന്ത്രമായിരുന്നുവെന്ന് എല്ലാവര്‍ക്കും മനസിലായത്.

കോട്ടയത്ത് അറസ്റ്റിലായ സുധീറിനെ പോലീസും ബന്ധുക്കളും ചേർന്ന് തിരികെ വീട്ടിലെത്തിച്ചു. ഇനി താന്‍ ഒളിച്ചോടില്ലെന്ന് ഇയാള്‍ പൊലീസിന് വാക്കും നല്കിയിട്ടുണ്ട്. കടം മടക്കി കൊടുക്കാന്‍ സാവകാശവും പൊലീസ് ഉറപ്പ് നല്കിയിട്ടുണ്ട്.