LiveTV

Live

Kerala

ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്.

ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് പ്രസവത്തോടെ 20കാരിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ ചികിത്സിക്കാനാകില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഡിസ്ചാര്‍ജ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ 14 മണിക്കൂറിന്‍റെ അലച്ചിലിനൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായിരുന്നു.

പ്രസവത്തോടെ ആരോഗ്യനില മോശമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറിയേക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മെഡിക്കല്‍ കോളജിനെതിരെ രംഗത്തെത്തി.