LiveTV

Live

Kerala

ലൈഫിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ പ്രചാരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ട്കെട്ട് ശ്രമിക്കുന്നുവെന്ന പ്രചാരണം നടത്താനാണ് തീരുമാനം.

ലൈഫിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ പ്രചാരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം

ലൈഫിലെ സിബിഐ അന്വേഷണത്തിനെതിരായ പ്രചാരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ട്കെട്ട് ശ്രമിക്കുന്നുവെന്ന പ്രചാരണം നടത്താനാണ് തീരുമാനം. കേസില്‍ സര്‍ക്കാരിന് പേടിക്കാനൊന്നുമില്ലെന്ന് വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയെ അടക്കം ലക്ഷ്യം വച്ച് സിബിഐ നീക്കങ്ങള്‍ നടത്തുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് പോകാത്തതും എം.എല്‍.എയുടെ പരാതിയില്‍ ലൈഫില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും കേന്ദ്രഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്‍റെ തെളിവുകളാണെന്നാണ് സി.പി.എം നിലപാട്. സര്‍ക്കാര്‍ വിട്ട് കേസ് പോലും ഏറ്റെടുക്കാത്ത സി.ബി.ഐ, എം.എല്‍.എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് എടുത്തത് ബിജെപി കോണ്‍ഗ്രസ് ബന്ധത്തിന്‍റെ തെളിവാണെന്ന് വ്യാഖ്യാനിക്കുകയാണ് സിപിഎം

ലൈഫിലെ അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ ഒന്നും ഭയപ്പെടാനില്ലെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. കാരണം സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നേരിട്ട് ഭാഗമായിട്ടില്ല. യൂണിടാകിനെ തെരഞ്ഞെടുത്തത് അടക്കം സര്‍ക്കാരിന് പങ്കില്ല. ധാരണപത്രം ഒപ്പിടുന്ന ചടങ്ങില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സര്‍ക്കാരിന് ഏതെങ്കിലും നഷ്ടമോ വീഴ്ചയോ ഉണ്ടായിട്ടില്ല. ഇതെല്ലാം പറയുമ്പോഴും ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രിയെ അടക്കം ലക്ഷ്യം വച്ച് പലനീക്കങ്ങളും സിബിഐ നടത്തുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.തെരഞ്ഞെടുപ്പ് വരെ വിവാദങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന വിലയിരിത്തലും സിപിഎമ്മിനുണ്ട്.