LiveTV

Live

Kerala

കരടുവിജ്ഞാപനം റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി. സിദ്ദീഖ്: ബഫർസോൺ പ്രഖ്യാപനത്തിനെതിരെ യുഡിഎഫ് ലോങ്ങ് മാർച്ച്

വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽനിന്ന് ടൗൺഷിപ്പുകൾ മാറ്റി പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്.

കരടുവിജ്ഞാപനം റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി. സിദ്ദീഖ്: ബഫർസോൺ പ്രഖ്യാപനത്തിനെതിരെ യുഡിഎഫ് ലോങ്ങ് മാർച്ച്

വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽനിന്ന് ടൗൺഷിപ്പുകൾ മാറ്റി പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്. കരടുവിജ്ഞാപനം റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് ടി. സിദ്ദീഖ് മീഡിയവണിനോട് പറഞ്ഞു. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ പുതുപ്പാടിയിൽ യുഡിഎഫ് ലോങ്ങ് മാർച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ മുതൽ ഈങ്ങാപ്പുഴ വരെയാണ് യുഡിഎഫ് ലോങ്ങ് മാർച്ച് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലും നൂറുകണക്കിന് പേർ ലോങ്ങ് മാർച്ചിൽ പങ്കാളികളായി. കെപിസിസി വൈസ് പ്രസിഡണ്ട് ടി. സിദ്ദീഖ് മാർച്ചിന് നേതൃത്വം നൽകി. ടൗൺഷിപ്പുകളെ ബഫർസോൺ പരിധിയിൽ നിന്നും മാറ്റി പുതിയ നിർദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് യുഡിഎഫ് സമരസമിതിയുടെ നിലപാട്.

പുതുപ്പാടി യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നജീബ് കാന്തപുരം ഉൾപ്പെടെ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കാളികളായി. ഈങ്ങാപ്പുഴയിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കർഷക സംഘടനകളുടെയും സഭ പ്രതിനിധികളുടെയും ചർച്ച വിളിച്ചിരിക്കുന്നത്.