LiveTV

Live

Kerala

വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തുകയാണെന്ന് മുല്ലപ്പള്ളി

ലൈഫ് മിഷനിലെ ക്രമക്കേട് സിബിഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ശരിയായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തുകയാണെന്ന് മുല്ലപ്പള്ളി

ലൈഫ് ക്രമക്കേടിൽ കൂടുതൽ ഫയലുകൾ ശേഖരിച്ച് വിജിലൻസ്. ലൈഫ് മിഷൻ ഓഫീസിൽ നിന്ന് വിജിലൻസ് 2 ഫയലുകൾ ശേഖരിച്ചു. നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയുടെ രേഖകളടക്കം ശേഖരിച്ചു. അതേസമയം വിജിലന്‍സിനെ വെച്ച് ഫയലുകള്‍ കടത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

സി.ബി.ഐ അന്വേഷണം മുന്നില്‍ കണ്ടാണ് വിജിലന്‍സ്, ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തിയതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം‍. ദുരൂഹ സാഹചര്യത്തിലാണ് ഫയലുകള്‍ കടത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ് വിജിലന്‍സ്. ലൈഫ് മിഷൻ ക്രമക്കേടിന്‍റെ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും വരുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറക്കാനില്ലെങ്കിൽ സി.ബി.ഐയെ സ്വാഗതം ചെയ്യണം. കേന്ദ്ര ഏജൻസികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷനിലെ സി.ബി.ഐ അന്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ശരിയായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടിലെ അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി. തദ്ദേശസ്വയംഭരണവകുപ്പിന്‍റെ ഓഫീസിലായിരുന്നു പരിശോധന. കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണസംഘം ശേഖരിച്ചു. ലൈഫ് കോഴ വിവാദത്തിൽ കോട്ടയം വിജിലൻസ് എസ്‍പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് സെക്രട്ടറിയേറ്റിൽ പരിശോധന നടന്നത്.

തദ്ദേശസ്വയം ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്‌സ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലായിരുന്നു പരിശോധന. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഫയലുകൾ വിജിലൻസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഒരു മണിക്കൂറില്‍ അധികം നീണ്ട പരിശോധനയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളുടെ ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് മിഷനില്‍ റെഡ്ക്രസന്‍റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് അന്വേഷണ പരിധിയിലുള്ളത്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനായി വിജിലന്‍സിനെ നിയോഗിച്ചത്. ലൈഫ് മിഷനില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. അന്വേഷണ സംഘത്തെ നിശ്ചയിച്ച ശേഷം നടന്ന ആദ്യ പരിശോധന കൂടിയാണിത്.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായി വിജിലന്‍സ് സെക്രട്ടറിയേറ്റിലെത്തി
Also Read

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായി വിജിലന്‍സ് സെക്രട്ടറിയേറ്റിലെത്തി