LiveTV

Live

Kerala

ലൈഫ് ക്രമക്കേട്; ധൃതിയില്‍ ഫയലുകള്‍ ശേഖരിച്ച് വിജിലന്‍സ്, ഫയല്‍ ശേഖരിച്ചത് ചട്ടം ലംഘിച്ച്

പ്രാഥമിക അന്വേഷണ ഘട്ടത്തിൽ അസ്സൽ രേഖകൾ ശേഖരിക്കാൻ പാടില്ല, ലൈഫ് ക്രമക്കേടിൽ വിജിലൻസ് ശേഖരിച്ചത് അസ്സൽ രേഖകളാണ്, ഇങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്ന്‌ വിജിലൻസ് മുൻ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശശീന്ദ്രൻ

ലൈഫ് ക്രമക്കേട്; ധൃതിയില്‍ ഫയലുകള്‍ ശേഖരിച്ച് വിജിലന്‍സ്, ഫയല്‍ ശേഖരിച്ചത് ചട്ടം ലംഘിച്ച്

ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ ശേഖരിച്ച് വിജിലന്‍സ്. പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫയലുകളടക്കമാണ് ലൈഫ് മിഷന്‍ ഓഫീസില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചത്. സി.ബി.ഐ എത്തുമെന്ന് ഭയന്നാണ് വിജിലന്‍സിനെ കൊണ്ട് ഫയല്‍ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം ലൈഫ് ക്രമക്കേട് അന്വേഷണത്തില്‍ വിജിലന്‍സ് ഫയലുകൾ ശേഖരിച്ചത് ചട്ടം ലംഘിച്ചെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ അസ്സൽ രേഖകൾ ശേഖരിക്കാൻ പാടില്ല, ലൈഫ് ക്രമക്കേടിൽ വിജിലൻസ് ശേഖരിച്ചത് അസ്സൽ രേഖകളാണ്, ഇങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്ന്‌ വിജിലൻസ് മുൻ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശശീന്ദ്രൻ പറഞ്ഞു. കേസെടുത്താൽ മാത്രമേ വിജിലൻസിന് അസ്സൽ രേഖകൾ ശേഖരിക്കാവൂ എന്നും ശശീന്ദ്രൻ മീഡിയവണിനോട് വ്യക്തമാക്കി.

ലൈഫ് കോഴ വിവാദത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചത്. തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസില്‍ നിന്ന് 320 പേജുകളടങ്ങുന്ന രണ്ട് ഫയലുകള്‍ അന്വേഷണസംഘം തൃശ്ശൂരിലേക്ക് കൊണ്ടുപോയി. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുമതി പത്രങ്ങളും, ചെലവഴിച്ച തുകയുടെ രേഖകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വിജിലന്‍സ് ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയം ഭരണ വകുപ്പ് ഓഫീസില്‍ നിന്ന് വിജിലന്‍സ് ചില ഫയലുകള്‍ ശേഖരിച്ചിരുന്നു.

കോട്ടയം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണത്തില്‍ ലൈഫ് മിഷനില്‍ യുഎഇയിലെ റെഡ്ക്രസന്റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്.