LiveTV

Live

Kerala

ലൈഫിലെ സി.ബി.ഐ അന്വേഷണം: ലക്ഷ്യം സംസ്ഥാന സര്‍ക്കാരോ?

മുഖ്യമന്ത്രി ചെയര്‍മാനായ മിഷനിലെ അധികൃതരെ സിബിഐ എഫ്ഐആറില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയത് വഴി പിണറായി വിജയനെ കൂടി ലക്ഷ്യം വച്ചാണ് സി.ബി.ഐ നീക്കമെന്ന് പാര്‍ട്ടിക്ക് കണക്ക് കൂട്ടലുണ്ട്.

ലൈഫിലെ സി.ബി.ഐ അന്വേഷണം: ലക്ഷ്യം സംസ്ഥാന സര്‍ക്കാരോ?

ലൈഫിലെ സിബിഐ അന്വേഷണത്തില്‍ അപകടം മണത്ത് സര്‍ക്കാരും സിപിഎമ്മും. ലൈഫ് പദ്ധതി അധികൃതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രി അടക്കമുള്ളവരെ ലക്ഷ്യം വച്ചാണെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. സിബിഐ അന്വേഷണത്തെ ആദ്യം തന്നെ തള്ളിപ്പറഞ്ഞതും സിബിഐ നീക്കം മുന്‍കൂട്ടി കണ്ടാണ്.

സ്വര്‍ണക്കടത്ത്, ഖുറാന്‍ വിഷയങ്ങളില്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നവരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍ഐഎ, എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സി.പി.എമ്മിന് അപകടം മനസിലായി. സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള നീക്കമാണ് നടക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണത്തെ തള്ളിപ്പറഞ്ഞത്.

സി.ബി.ഐ എഫ്ഐആറില്‍ മൂന്നാം പ്രതിയായ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലൈഫ് മിഷന്‍ അധികൃതരെയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ മിഷനിലെ അധികൃതരെ ഉള്‍പ്പെടുത്തിയത് വഴി പിണറായി വിജയനെ കൂടി ലക്ഷ്യം വച്ചാണ് സി.ബി.ഐ നീക്കമെന്ന് പാര്‍ട്ടിക്ക് കണക്ക് കൂട്ടലുണ്ട്. മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരേയും ജലീലിനെതിരേയും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ട് ബി.ജെ.പി, സി.ബി.ഐയെ രാഷ്ട്രീയനീക്കത്തിന് ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍. രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കാനുള്ള തീരുമാനവും ഇടത് മുന്നണി എടുത്തിട്ടുണ്ട്.