LiveTV

Live

Kerala

ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നീങ്ങുമ്പോള്‍ സർക്കാരിനും മറുപടി പറയേണ്ടി വരും

ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ. നാലരകോടിയോളം രൂപ കമ്മീഷനായി ഉന്നതർക്കടക്കം നല്‍കിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ചട്ടങ്ങള്‍ പാലിക്കാതെ വിദേശസഹായം വാങ്ങിയതില്‍ ഉദ്യോഗസ്ഥരുടെ പങ്കും സി.ബി.ഐ അന്വേഷിക്കുന്നുന്നുണ്ട്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്‍റുമായി മാത്രമാണ് സർക്കാർ കരാർ ഉണ്ടാക്കിയതെന്നിരിക്കെ യുണിടാക്കിന് ഉപകരാർ നല്‍കിയത് എങ്ങനെ എന്നാണ് സി.ബി.ഐ പ്രധാനമായി അന്വേഷിക്കുന്നത്. ഉപകരാർ കമ്മീഷന് തട്ടുന്നതിന് വേണ്ടിയാണോ എന്ന സംശയവും ഉണ്ട്. ഇതിന് ലൈഫ് മിഷനിലെ ഉന്നതരടക്കം കൂട്ടുനിന്നിട്ടുണ്ടെന്നാണ് പരാതിക്കാരനായ അനില്‍ അക്കരയുടെ വാദം.

അതുകൊണ്ടുതന്നെ അന്വേഷണ പൂർത്തിയാക്കണമെങ്കില്‍ ലൈഫ് മിഷനിലെ ഉന്നതരെ സിബിഐക്ക് ചോദ്യം ചെയ്യേണ്ടി വരും. സെക്രട്ടേറിയേറ്റിലെ ലൈഫ് മിഷന്‍ ഓഫീസിലും തദ്ദേശ സ്വയംഭരണവകുപ്പിലും സി.ബി.ഐ ഉടൻ പരിശോധന നടത്തിയേക്കും. ലൈഫ് മിഷന്‍റെ അധ്യക്ഷൻ മുഖ്യമന്ത്രിയും സഹ അധ്യക്ഷൻ തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനുമാണ്. അതിനാൽ സർക്കാരിൽ നിന്ന് ഇടപാടിന്റെ വിവരങ്ങൾ സി.ബി.ഐ ആരായും.

ലൈഫ് മിഷന്റെ മുന്‍ സി.ഇ.ഒ യു.വി ജോസിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. റെഡ് ക്രസന്റ്, യുണിടാക്ക് എന്നീ കമ്പനി അധികൃതരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാം. സ്വപ്ന സുരേഷ് അടക്കമുള്ളവർ പദ്ധതിയിലൂടെ 4.5 കോടിയോളം രൂപ കമ്മീഷനായി തട്ടിയെന്നായിരുന്നു പരാതി