LiveTV

Live

Kerala

പെരിയ ഇരട്ടകൊലക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ ഇല്ല

അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു

പെരിയ ഇരട്ടകൊലക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ ഇല്ല

പെരിയ ഇരട്ടകൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ സിബി.ഐ നോട്ടീസ് അയച്ചു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നോട്ടീസില്‍ നാലാഴ്ചക്കകം മറുപടി നല്‍കണം. അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സുപ്രീംകോടതിയിലെ ഹരജി പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക കത്ത് നല്‍കി. ഇതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കള്‍ തടസഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന് പലതും മറച്ച് വെക്കാനുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നതെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യന്‍ അന്ന് പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞിരുന്നു.