LiveTV

Live

Kerala

'അന്ന് മാലാഖമാർ എന്ന് വാഴ്ത്തി, ഇന്ന് കീശയിൽ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്'- എം.കെ മുനീര്‍

കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു ഒരു വിഭാഗം പി.പി.ഇ കിറ്റിനുള്ളിൽ സമർപ്പിത സേവനത്തിലാണ്.

'അന്ന് മാലാഖമാർ എന്ന് വാഴ്ത്തി, ഇന്ന് കീശയിൽ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്'- എം.കെ മുനീര്‍

കോവിഡ് സമയത്ത് ജീവനക്കാരോട് കൊടുക്രൂരതയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. നേരത്തെ മാസശബളം ഗഡുക്കളായി തട്ടിയെടുത്ത സര്‍ക്കാര്‍ വീണ്ടും പിടിച്ചെടുക്കുന്നത് അനീതിയാണെന്നും അദ്ദഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥയാണ് ഏറ്റവും ദുഖകരമെന്നും മുനീര്‍ പറയുന്നു. കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു അവര്‍ പി.പി.ഇ കിറ്റിനുള്ളിൽ സമർപ്പിത സേവനത്തിലാണെന്നും പൊതു അവധിയില്‍ പോലും ലീവെടുക്കാത്ത അവരെ സമരത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മുനീര്‍ ചൂണ്ടികാണിക്കുന്നു.

എം.കെ മുനീറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സംസ്ഥാനത്തെ ജീവനക്കാരോട് സർക്കാർ ചെയ്യുന്നത് കൊടുംക്രൂരത. തിരിച്ചു നൽകും എന്ന് പ്രഖ്യാപിച്ചു ഒരു മാസത്തെ ശമ്പളം ഗഡുക്കളായി തട്ടിയെടുത്തിട്ട് വീണ്ടും ശമ്പളം പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കവുമായി ധനമന്ത്രി നടത്തുന്ന ശ്രമങ്ങൾ തികച്ചും അനീതിയാണ്. ജീവനക്കാർക്ക് 4 ഗഡു ഡി.എ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്. കഴിഞ്ഞ യു. ഡി. എഫ് സർക്കാർ പ്രഖ്യാപിച്ച MEDISEP ഇല്ലാതാക്കി, ശമ്പള പരിഷ്കരണം due ആയിട്ട് ഒരു വർഷമാകുന്നു .

എല്ലാ അർത്ഥത്തിലും ജീവനക്കാരും കുടുംബാംഗങ്ങളും വല്ലാത്ത സമ്മർദ്ദത്തിലാണ്. ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്നത്ര സംഭാവന നൽകാൻ തയ്യാറായിടത്താണ് സാലറി കട്ടുമായി സർക്കാർ രംഗത്തു വന്നത്.

ഏറ്റവും ദുഃഖകരമായ കാര്യം ആരോഗ്യ വകുപ്പിലെ സ്ഥിരം ജീവനക്കാരുടെ അവസ്ഥയാണ്. കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു ഒരു വിഭാഗം പി.പി.ഇ കിറ്റിനുള്ളിൽ സമർപ്പിത സേവനത്തിലാണ്. പൊതുഗതാഗതം പോലും ഇല്ലാത്ത സാഹചര്യത്തിൽ സ്വന്തം വാഹനത്തിലാണ് പലരും കിലോമീറ്ററുകൾ താണ്ടി ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഒരു വിഭാഗം ജീവനക്കാർക്ക് Incentive നൽകുമ്പോഴാണ് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന വകുപ്പിലെ ജീവനക്കാർ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. അവധി പോലും എടുക്കാൻ കഴിയാതെ, പൊതു അവധി ദിവസങ്ങളിൽ പോലും ജോലി ചെയുന്ന ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിടാതിരിക്കാൻ ശ്രമിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഇടപെടണം.

ആരോഗ്യ പ്രവർത്തകരിൽ വർധിച്ചു വരുന്ന കോവിഡ് ബാധയെ കുറിച്ച് സർക്കാർ എന്ത് പഠനം ആണ് നടത്തിയിട്ടുള്ളത്. നിലവാരം കുറഞ്ഞ പി.പി.ഇ കിറ്റ്, N95 മാസ്ക് ഉം ഒക്കെ കേട്ടുകേൾവിയില്ലാത്ത അന്യായ വില കൊടുത്തുവാങ്ങിയത് നിയമസഭയിൽ ഞാൻ ചുണ്ടികാട്ടിയതാണ്. അതിന്മേൽ ഒരന്വേഷണവും പ്രഖ്യാപിക്കാതെ ഗുണനിലവാരത്തിന്റെ മേന്മ പറഞ്ഞു ന്യായീകരിക്കാനാണ് വകുപ്പ് മന്ത്രി ശ്രമിച്ചത്. ഏതായാലും ജീവനക്കാരുടെ സുരക്ഷിതത്വം പരമപ്രധാനമാണ്. 50 കോവിഡ് കേസുകൾ ഉള്ളപ്പോൾ മാലാഖമാർ എന്ന് വാഴ്ത്തി പാടിയിട്ട് 5000 കേസുകൾ ആകുമ്പോൾ കീശയിൽ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്. ആദരിച്ചില്ലെങ്കിലും അവർക്ക് മാന്യമായി ജീവിക്കാനുള്ളത് നൽകണം.

സംസ്ഥാനത്തെ ജീവനക്കാരോട് സർക്കാർ ചെയ്യുന്നത് കൊടുംക്രൂരത. തിരിച്ചു നൽകും എന്ന് പ്രഖ്യാപിച്ചു ഒരു മാസത്തെ ശമ്പളം...

Posted by MK Muneer on Thursday, September 24, 2020