LiveTV

Live

Kerala

ഇനിയില്ല സ്‍പ്രിന്‍ക്ലര്‍ കരാര്‍; എന്ത് സേവനം കിട്ടിയെന്ന് പ്രതിപക്ഷം

കോവിഡ് വിവരണശേഖരണത്തിനായി സ്‍പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ പൂര്‍ത്തിയായി. സ്‍പ്രിന്‍ക്ലര്‍ മുഖേന ശേഖരിച്ച വിവരങ്ങള്‍ ഇതുവരെ വിശകലനത്തിന് ഉപയോഗിച്ചിട്ടില്ല

ഇനിയില്ല സ്‍പ്രിന്‍ക്ലര്‍ കരാര്‍; എന്ത് സേവനം കിട്ടിയെന്ന് പ്രതിപക്ഷം

കോവിഡ് വിവരണശേഖരണത്തിനായി സ്‍പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ പൂര്‍ത്തിയായി. സ്‍പ്രിന്‍ക്ലര്‍ മുഖേന ശേഖരിച്ച വിവരങ്ങള്‍ ഇതുവരെ വിശകലനത്തിന് ഉപയോഗിച്ചിട്ടില്ല. കരാര്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ എന്ത് സേവനമാണ് കഴിഞ്ഞ ആറുമാസം സ്‍പ്രിന്‍ക്ലര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതെന്ന ചോദ്യവുമായി പ്രതിപക്ഷം രം‌ഗത്ത് വന്നു.

സര്‍ക്കാരിനെ കോവി‍ഡ് കാലത്ത് വിവാദ ചുഴിയിലാക്കിയതാണ് സ്‍പ്രിന്‍ക്ലര്‍ കരാര്‍. മാര്‍ച്ച് 24 മുതല്‍ ആറ് മാസത്തേക്കോ അല്ലെങ്കില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെയോ ആയിരുന്നു കരാര്‍ കാലാവധി. ആറ് മാസത്തിന് ശേഷം സ്‍പ്രിന്‍ക്ലറിന് പണം നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

കരാര്‍ വിവാദമായതോടെ വിവരങ്ങള്‍ സിഡിറ്റ് കൈമാറി. തങ്ങളുടെ സെര്‍വറില്‍ നിന്ന് വിവരങ്ങളെല്ലാം നശിപ്പിച്ചതായി സ്‍പ്രിന്‍ക്ലര്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ കഴിഞ്ഞ ആറ് മാസത്തെ വിവരശേഖരത്തില്‍ കാര്യമായ വിശകലനമൊന്നും സാധ്യമായിരുന്നില്ല. ഇതോടെയാണ് പ്രതിപക്ഷം വീണ്ടും സര്‍ക്കാരിന് മുന്നില്‍ ചോദ്യങ്ങളുമായി എത്തിയത്.

ഇവരുമായി കരാര്‍ ഒപ്പുവെച്ചില്ലായിരുന്നെങ്കില്‍ കേരളം മുഴുവന്‍ കോവിഡ് രോഗികളെ കൊണ്ട് നിറയുമായിരുന്നുവെന്ന് പറഞ്ഞ സി.പി.എം നേതാക്കള്‍ എവിടെ പോയെന്നായിരുന്നു വി.ഡി സതീശന്റെ ചോദ്യം. സ്‍പ്രിന്‍ക്ലറില്‍ നിന്ന് കോവിഡ് പ്രതിരോധത്തിന് എന്ത് സേവനം ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.