ചെലവ് ചുരുക്കല്‍ നയത്തിന് വിഭിന്നമായി ചീഫ് സെക്രട്ടറിക്ക് പുതിയ ഫര്‍ണിച്ചറുകള്‍
ഭരണാനുമതി 1,81,000 രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന്
സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ചുരുക്കൽ തീരുമാനത്തിന് വിഭിന്നമായി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് പുതിയ ഫർണ്ണിച്ചറുകൾ വാങ്ങാൻ ഭരണാനുമതി. ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ 1,81,000 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഒരു സീറ്റും മൂന്ന് സീറ്റും വീതമുള്ള രണ്ട് സോഫകളും, ഒരു സെന്റര്‍ ടേബിളും, ഒരു സൈഡ് ടേബിളും വാങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഉത്തരവിന്റ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിനാല്‍ ചെലവ് ചുരുക്കലിലേക്ക് പോകണമെന്നും നിര്‍ദേശിച്ചാണ് സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചത്. ഈ സമിതി 25 ഇനങ്ങളില്‍ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ 16 ന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. അതിലുള്ള ഒരു നിര്‍ദേശമായിരുന്നു പുതിയ ഫര്‍ണീച്ചറുകളൊന്നും ഓഫീസുകളിലേക്ക് വാങ്ങരുത് എന്നത്. അതിലൊരു ചട്ടലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയെ പിടിച്ചുകെട്ടാന്‍ ആറുമാസം കൂടി സാലറി ചലഞ്ച് ഏര്‍പ്പെടുത്താനിരിക്കെയാണ് ഈ ധൂര്‍ത്ത്.