LiveTV

Live

Kerala

യു.ഡി.എഫ് സര്‍ക്കാര്‍ വീടിന് അനുവദിച്ച ഭൂമിയും പണവും ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദാക്കി; നിര്‍മാണം നിലച്ച വീടിന് മുന്നില്‍ പ്രതിഷേധ സമരവുമായി ചിത്രലേഖ

സ്വദേശമായ എടാട്ട് ഓട്ടോ ഓടിക്കുന്നതിനെതിരെ സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ രംഗത്തുവരികയും ഓട്ടോ ആക്രമിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു

യു.ഡി.എഫ് സര്‍ക്കാര്‍ വീടിന് അനുവദിച്ച ഭൂമിയും പണവും ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദാക്കി; നിര്‍മാണം നിലച്ച വീടിന് മുന്നില്‍ പ്രതിഷേധ സമരവുമായി ചിത്രലേഖ

കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക് സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ ചിത്രലേഖയുടെ പ്രതിഷേധം. സി.പി.എം ശക്തി കേന്ദ്രമായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

തന്നെയും കുടുംബത്തെയും നിരന്തരമായി ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുമ്പോഴാണ് ഇപ്പോള്‍ നല്‍കിയ സ്ഥലത്തിന് തൊട്ടടുത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഒരു പട്ടിക ജാതിക്കാരിയായ തന്നെ നിരന്തരം പലായനം ചെയ്യിക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ താനും കുടുംബവും പ്രതിഷേധിക്കുന്നതായും ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ പഴയ ഉത്തരവ് റദ്ദാക്കിയത്. ഇതോടെ നിര്‍മാണം നിലക്കുകയായിരുന്നു. ഈ വീടിന് മുമ്പില്‍ ഇരുന്നാണ് ചിത്രലേഖ പ്രതിഷേധിക്കുന്നത്.

നിരന്തരമായ സി പി എം ആക്രമത്തെ തുടര്‍ന്നു എന്റെ സ്വദേശമായ എടാട്ട് ജീവിക്കാന്‍ സാധിക്കാതെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്ക്കാര്‍...

Posted by Chithra Lekha on Wednesday, September 23, 2020

എടാട്ട് ചിത്രലേഖയുടെ പേരില്‍ ആറ് സെന്റ് ഭൂമി സ്വന്തമായി ഉണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ച് പിടിക്കുന്നതെന്നായിരുന്നു നേരത്തെ സ്റ്റേ ഉത്തരവില്‍ പറഞ്ഞിരുന്നത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചിത്രലേഖക്ക് പതിച്ച് നല്‍കിയതെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

സ്വദേശമായ എടാട്ട് ഓട്ടോ ഓടിക്കുന്നതിനെതിരെ സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ രംഗത്തുവരികയും ഓട്ടോ ആക്രമിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ആദ്യ ഓട്ടോ സി.പി.ഐ.എം കത്തിച്ചതോടെ സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു പുതിയ ഓട്ടോ വാങ്ങി കൊടുത്തെങ്കിലും അതും പിന്നീട് സി.പി.ഐ.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ദലിത് സ്ത്രീക്കെതിരായ സി.പി.ഐ.എമ്മിന്‍റെ ജാതിവിവേചനം ഇതോടെ പിന്നീട് പരസ്യമായി കേരളം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ജീവിക്കാനും തൊഴിലെടുക്കാനും ബുദ്ധിമുട്ടിലായതോടെ 2015ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തിയതിന് പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ വീടിന് ഭൂമിയും പണവും നല്‍കി ഉത്തരവിറക്കിയത്.