LiveTV

Live

Kerala

പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് കോണ്‍ട്രാക്ടര്‍ പണം നല്‍കില്ലെന്ന് കരാറുകാരുടെ സംഘടന

പാലത്തിന്‍റെ ഡിസൈന്‍ മാറ്റിയാല്‍ പണം നല്‍കേണ്ട ബാധ്യതയില്ലെന്നും വിശദീകരണം. സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും.

പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് കോണ്‍ട്രാക്ടര്‍ പണം നല്‍കില്ലെന്ന് കരാറുകാരുടെ സംഘടന

പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് കോണ്‍ട്രാക്ടര്‍ പണം നല്‍കേണ്ട കാര്യമില്ലെന്ന് കരാറുകാരുടെ സംഘടന. നിലവിലുള്ള പാലത്തിന്‍റെ ഡിസൈന്‍ മാറ്റിയാല്‍ പണം നല്‍കേണ്ട ബാധ്യത കരാറുകാരന് ഇല്ലെന്ന് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി മീഡിയവണിനോട് പറഞ്ഞു. പാലം പൊളിച്ച് പണിയുന്നതിനുള്ള പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും. പാലത്തിന്‍റെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിയമപരമായ ബാധ്യത കരാറുകാരനുണ്ടെന്നും വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.

ഈ പാലത്തിനുണ്ടായിട്ടുള്ള വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അതിന് കരാറുകാരന്‍ സഹകരിക്കും. പാലം പണിയുന്ന സമയത്തുള്ള നിയമമനുസരിച്ച് 3 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന നിര്‍മ്മാണ തകരാറുകള്‍ സ്വന്തം ചെലവില്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം കരാറുകാരനുണ്ടെന്നും വര്‍ഗീസ് കണ്ണമ്പള്ളി പറയുന്നു.

പാലാരിവട്ടം പാലത്തിന് ഗുരുതരമായ അപാകതകള്‍ ഉണ്ടെന്നും അതിനാല്‍ അത് പൊളിച്ചുപണിയാം എന്നുമുള്ള ഒരു അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരളത്തിന് നല്‍കിയിരുന്നു. പാലം പൊളിച്ചുപണിയാന്‍ ഏതാണ്ട് 22 കോടിയോളം രൂപ ചെലവും വരും. ഈ ബാധ്യത ആര് വഹിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇതിന്‍റെ ബാധ്യത മുഴുവനായും കരാറുകാരന്‍ തന്നെ വഹിക്കണമെന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്. എന്നാല്‍ പാലത്തിന്‍റെ ഡിസൈനടക്കം മാറ്റി പൊളിച്ചു പണിയുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വം വഹിക്കാന്‍ കരാറുകാര്‍ക്കാവില്ലെന്നാണ് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിര്‍മാണ ചുമതല ഇ. ശ്രീധരന് നല്‍കി എത്രയും വേഗത്തില്‍ പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ . വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അഴിമതിക്കാര്‍ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.