LiveTV

Live

Kerala

പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കില്ല

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും. 50 ശതമാനം ഭാഗം പുനര്‍നിര്‍മ്മിക്കും, ബാക്കിഭാഗത്ത് അറ്റകുറ്റപണി നടത്തും. പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. പ്രതീക്ഷിക്കുന്ന ചെലവ് 20 കോടി രൂപ

പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കില്ല

പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ച് നീക്കില്ല. 480 മീറ്ററോളം വരുന്ന ഭാഗമായിരിക്കും ഭാഗികമായി പൊളിച്ച് പണിയുക. പൊളിച്ചുനീക്കുന്നതിന് സര്‍ക്കാർ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടി.10 മാസത്തിനുള്ളില്‍ പാലം ഗതാഗത യോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

2014 സെപ്റ്റംബർ 1 നിർമാണം തുടങ്ങി 2016 ഒക്ടോബര്‍ 12 ന് തുറന്ന് കൊടുത്ത പാലമാണ് നിര്‍മാണം ആരംഭിച്ച് ആറ് വര്‍ഷത്തിനിപ്പുറം പൊളിച്ച് പണിയാന്‍ ഒരുങ്ങുന്നത്. പാലം പൂര്‍ണമായും പൊളിച്ച് നീക്കുന്നതിന് പകരം 50 ശതമാനത്തോളം ഭാഗം പൂര്‍ണമായി പുനര്‍നിര്‍മിക്കുകയും ബാക്കിഭാഗം അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യാനാണ് സാധ്യത. മൊത്തം 750 മീറ്റര്‍ നീളമുള്ള പാലത്തിന്‍റെ 480 മീറ്റര്‍ വരുന്ന ഭാഗത്താണ് ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. പാലത്തിന്‍റെ 19 സ്പാനുകളില്‍ 17 എണ്ണവും പുനഃസ്ഥാപിക്കണം. ഗര്‍ഡറുകള്‍ പുനഃക്രമീകരിക്കണം. 18 പിയര്‍ ക്യാപുകളില്‍ 16 എണ്ണത്തിനും 102 ആര്‍സിസി ഗര്‍ഡറുകളില്‍ 97 എണ്ണത്തിനും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു.

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രിം കോടതി
Also Read

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രിം കോടതി

10 മാസം കൊണ്ട് പാലം വീണ്ടും ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ കഴിയും. ഇതിനായി 20 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടി ഒക്ടോബര്‍ ആദ്യം തന്നെ പാലം നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാലം പൊളിച്ച് പണിയുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

2019 മെയ് ഒന്നിനാണ് പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. തുടര്‍ന്ന് പാലം നിര്‍മാണത്തില്‍ ഗുരുതര വീഴ്ച പറ്റിയെന്ന് ഐ.ഐ.ടിയും ഇ. ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും കണ്ടെത്തിയതോടെയാണ് പാലം പൊളിച്ച് പണിയാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.