LiveTV

Live

Kerala

മതഗ്രന്ഥമെത്തിച്ച സിആപ്റ്റ് വാഹനത്തിന്‍റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടാംദിനവും സിആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തി

മതഗ്രന്ഥമെത്തിച്ച സിആപ്റ്റ് വാഹനത്തിന്‍റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടാംദിനവും സിആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തി. മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ ജി.പി.എസ് സംവിധാനം ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ഇന്ന് പരിശോധിച്ചത്. തുടര്‍ന്ന് സിആപ്റ്റ് വാഹനത്തിന്‍റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റെക്കോര്‍ഡര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇന്നലെയും എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു.

രാവിലെ 9.50 ഓടുകൂടിയാണ് എന്‍.ഐ.എ സംഘം സിആപ്റ്റില്‍ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷമാണ് വാഹനത്തിന്‍റെ ജി.പി.എസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയ ദിവസം വാഹനത്തിന്‍റെ ജി.പി.എസ് സംവിധാനം തകരാറിലായിരുന്നുവെന്നാണ് വാഹനത്തിന്‍റെ ഡ്രൈവറടക്കം മൊഴി നല്‍കിയിരുന്നത്.

ഒരു ജീവനക്കാരന്‍റെ മൊഴികൂടി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തി. യു.എഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥം സി ആപ്റ്റിലെത്തിച്ചതും തുടര്‍ന്ന് 32 ബോക്സുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതുമാണ് വിശദമായി അന്വേഷിക്കുന്നത്. വാഹനങ്ങളുടെ ചുമതലയുള്ള സുരേഷ് എന്ന ജീവനക്കാരന്‍ ഇന്നലെ ഇല്ലാതിരുന്നതിനാലാണ് അന്വേഷണസംഘം ഇന്ന് വീണ്ടും സിആപ്ടിലെത്തിയത്.

മലപ്പുറത്തേക്ക് മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ ജിപിഎസ് സംവിധാനം പരിശോധിച്ചു. മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ കാലയളവില്‍ കെ എല്‍ 01 എ ഡബ്യു 6981 എന്ന നമ്പറുള്ള വാഹനത്തിന്‍റെ ജി.പി.എസ് സംവിധാനം തകരാറിലായിരുന്നുവെന്നാണ് സി ആപ്ട് അധികൃതരും ഡ്രൈവറും നല്‍കിയിരുന്ന മൊഴി. ഇത് സംബന്ധിച്ച് ഇന്ന് സുരേഷില്‍ നിന്നും എന്‍ഐഎ മൊഴിയെടുത്തു.

വാഹനത്തിന്‍റെ ജിപിഎസ് റെക്കോര്‍‍ഡര്‍ കസ്റ്റഡിയിലെടുത്ത ശേഷമാണ് സംഘം മടങ്ങിയത്. റെക്കോര്‍ഡര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വാഹനം മലപ്പുറത്ത് എത്തിയ ശേഷം മറ്റേവിടേക്കെങ്കിലും പോയിരുന്നോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി സി ആപ്ട് മുന്‍ എം.ഡി അബ്ദുള്‍ റഹ്മാന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.