LiveTV

Live

Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി

സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി

സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും അധ്യാപക നിയമനവുമായി കാലിക്കറ്റ് സര്‍വകലാശാല. അസി. പ്രൊഫസര്‍ തസ്തികയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് 29 തസ്തിക ബാക് ലോഗായിരിക്കെയാണ് സര്‍വ്വകലാശാലയുടെ നടപടി. ബാക് ലോഗ് അറിയിച്ച് സര്‍വകലാശാല സര്‍ക്കാരിന് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

അസി. പ്രൊഫ 63, അസോസിയേറ്റ് പ്രൊഫ. 29, പ്രൊഫസര്‍ 24 - ആകെ 111 അധ്യാപക തസ്തികയിലേക്കാണ് നിയമനം. നിയമന വിജ്ഞാപനം പുറത്തിറക്കുമ്പോള്‍ തന്നെ സംവരണ തസ്തികളും പ്രഖ്യാപിക്കുകയാണ് ഇതുവരെയുള്ള രീതി. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റി. സംവരണ വിഭാഗങ്ങള്‍ക്ക് എത്ര സീറ്റ് എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ല

പുതിയ നിയമനം നടത്തേണ്ടത് ബാക് ലോക് കൂടി പരിഗണിച്ചായിരിക്കണമെന്നതാണ് 1995 ലെ സബര്‍വാള്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രിം കോടതി വിധി. എന്നാല്‍ ബാക് ലോക് നികത്താനുള്ള ഒരു നിര്‍ദേശവും പുതിയ വിജ്ഞാപനത്തില്‍ കാണാന്‍ കഴിയുന്നില്ല.

അസി. പ്രൊഫസര്‍ തസ്തികയില്‍ മാത്രം 33 ഒഴിവുകള്‍ ബാക് ലോഗാണെന്ന് സര്‍വകലാശാല സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മറ്റു തസ്തിക കൂടി പരിഗണിച്ചാല്‍ ബാക് ലോഗ് അമ്പതോളമാകും. യുജിസി ചട്ടങ്ങളിലില്ലാത്ത ഓണ്‍ലൈന്‍ അഭിമുഖവും നിയമന രീതിയായി തീരുമാനിച്ചിട്ടുണ്ട്. നിയമന നടപടിയുടെ ഫയല്‍ മാനുവല്‍ ആക്കാനുള്ള തീരുമാനവും ഉദ്യോഗാര്‍ത്ഥിയുടെ ഭര്‍ത്താവ് സിന്‍ഡിക്കേറ്റ് ഉപസമിതി അംഗമായതും വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

നടപടികള്‍ സുതാര്യമല്ലെന്നതാണ് പ്രധാന വിമര്‍ശം. സംവരണ വിഭാഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് നിയമ പോരാട്ടത്തിനും വഴിവെക്കും.