LiveTV

Live

Kerala

കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ: അന്വേഷണ സംഘത്തെ വീണ്ടും മാറ്റി

കേസ് ഇനി അന്വേഷിക്കുക സ്റ്റേറ്റ് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് ഇറക്കി.

കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ: അന്വേഷണ സംഘത്തെ വീണ്ടും മാറ്റി

കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘത്തെ വീണ്ടും മാറ്റി. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് ഇനി കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് ഇറക്കി. നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്നത് കൊല്ലം ജില്ലാ ക്രൈബ്രാഞ്ച് ആണ്. രണ്ടുദിവസം മാത്രമാണ് കേസ് അന്വേഷണം, കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അപ്പോഴേക്കാണ് കേസ് അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആദ്യം ഈ കേസ് അന്വേഷിച്ചത് കൊട്ടിയം പൊലീസ് ആയിരുന്നു. കൊട്ടിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ദിലീഷ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ മറ്റ് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതിന് ശേഷം മറ്റൊരു എസ് ഐയെ കൂടി ചേര്‍ത്ത് ഈ അന്വേഷണസംഘത്തെ വിപുലീകരിച്ചിരിച്ചിരുന്നു. അതിന് ശേഷമാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. ഇപ്പോള്‍ സംസ്ഥാന പൊലീസ് മേധാവി ഈ കേസ് ഇപ്പോള്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.

കേസില്‍ നടി ലക്ഷ്മി പ്രമോദിന്‍റെ ജാമ്യാപേക്ഷ അല്‍പസമയത്തിനകം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി നടി ലക്ഷ്മി പ്രമോദും കുടുംബാംഗങ്ങളും ഒളിവിലാണുള്ളത്. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. ഹാരിസിന്‍റെ മറ്റ് ബന്ധുക്കളെ ഒന്നും ഇതുവരെ പൊലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്താന്‍ കൊണ്ടുപോയത് ലക്ഷ്മിപ്രമോദും ഹാരിസിന്‍റെ മറ്റ് ബന്ധുക്കളുമാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. അതിന്‍റെ ഡിജിറ്റല്‍ തെളിവുകളും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ കയ്യിലുണ്ട്.