LiveTV

Live

Kerala

സമരത്തെ നേരിട്ട 101 പൊലീസുകാര്‍ക്ക് കോവിഡ്, പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നു: മുഖ്യമന്ത്രി

മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി

സമരത്തെ നേരിട്ട 101 പൊലീസുകാര്‍ക്ക് കോവിഡ്, പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നു: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തെ അട്ടിമറിച്ച് പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരങ്ങള്‍ നേരിടുന്ന പൊലീസുകാര്‍ക്കും കോവിഡ് വരുന്നു. സമരത്തെ നേരിട്ട 101 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. നിരവധി പൊലീസുകാര്‍ ക്വാറന്റൈനിലായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പൊലീസ്. അതിനുളള പ്രത്യുപകാരമായി അവര്‍ക്ക് കോവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഒഴിവാക്കാനായി പറയുന്നു. പക്ഷേ കോവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. അതുപക്ഷേ സമൂഹത്തെ അപകടപ്പെടുത്തിക്കൊണ്ടാവരുത്. അക്രമ സമരം നടത്തിയാലേ മാധ്യമ ശ്രദ്ധ കിട്ടൂ എന്ന ധാരണ തിരുത്തണം.എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ട് കൊടുക്കില്ലെന്ന് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഉറവിടമറിയാത്ത 412 കേസുകള്‍. കോവിഡ് ബാധിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 19 പേര്‍ മരിച്ചു. 40382 പേരാണ് ചികിത്സയിലുള്ളത്. 3007 പേര്‍ രോഗമുക്തി നേടി.