LiveTV

Live

Kerala

ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത് ക്വട്ടേഷന്‍ ഗൂഢാലോചനയ്ക്ക് വേണ്ടി: സൂചന നല്‍കി പരോൾ പ്രതിയുടെ ജയിലിലെ ഫോണ്‍ സംഭാഷണം

ജയിലില്‍ കഴിയുമ്പോള്‍ നടത്തിയ ഈ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രമാദമായ കണ്ണമ്മൂല വധക്കേസിലെ പക വീട്ടലിനെ കുറിച്ചാണ് പറയുന്നത്. പോലീസ് പരിശോധിയ്ക്കുന്ന ശബ്ദരേഖ മീഡിയ വണിന് ലഭിച്ചു.

ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത് ക്വട്ടേഷന്‍ ഗൂഢാലോചനയ്ക്ക് വേണ്ടി: സൂചന നല്‍കി പരോൾ പ്രതിയുടെ ജയിലിലെ ഫോണ്‍ സംഭാഷണം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ ഗുണ്ടകള്‍ ഒത്തുചേര്‍ന്നതിന് പിന്നില്‍ ക്വട്ടേഷന്‍ ആസൂത്രണമെന്ന സംശയം ബലപ്പെടുന്നു. കൂട്ടായ്മയില്‍ പങ്കെടുത്ത പരോള്‍ പ്രതികളിലൊരാളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. ജയിലില്‍ കഴിയുമ്പോള്‍ നടത്തിയ ഈ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രമാദമായ കണ്ണമ്മൂല വധക്കേസിലെ പകവീട്ടലിനെ കുറിച്ചാണ് പറയുന്നത്. പോലീസ് പരിശോധിയ്ക്കുന്ന ശബ്ദരേഖ മീഡിയ വണിന് ലഭിച്ചു.

ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിലിന്‍റെ വീട്ടില്‍ സെപ്റ്റംബർ ഒന്നിന് നടന്ന ഗുണ്ടകളുടെ ഒത്തുചേരലില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ പ്രാഥമിക നിഗമനം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക വഴിത്തിരിവായി കൂട്ടായ്മയില്‍ പങ്കെടുത്ത 3 പരോള്‍ പ്രതികളില്‍ ഒരാളുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരിക്കുന്നത്. ജയിലില്‍ നിന്ന് പരോളിൽ പുറത്തിറങ്ങുന്നതിന് മുമ്പ് നടന്ന ഫോണ്‍ സംഭാഷണങ്ങളാണിത്.

ഗുണ്ടാ കുടിപ്പകയില്‍ തിരുവനന്തപുരം കണ്ണമ്മൂലയില്‍ 2015 ല്‍ നടന്ന സുനില്‍ ബാബുവിന്‍റെ കൊലപാതകത്തിന് പിന്നാലെ 2016 ഒക്ടോബറില്‍ ഇതിന് തിരിച്ചടിയായി എതിര്‍സംഘം വിഷ്ണു എന്നയാളെ കൊലപ്പെടുത്തിയിരുന്നു. വിഷ്ണുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ വക വരുത്തുന്നതിനെ കുറിച്ചാണ് സംഭാഷണത്തിലുള്ളത്.

ജയിലില്‍ നിന്ന് പ്രതി ഭാര്യയെ വിളിക്കുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഒന്ന്. ''അതിനുള്ള എല്ലാ അറേഞ്ച്മെന്‍സും ചെയ്ത് വെച്ചിട്ടുണ്ട്. അപ്പുവിന്‍റെ കേസ് വിസ്താരം തുടങ്ങാന്‍ വേണ്ടി. നമ്മളൊന്ന് ഇറങ്ങാന്‍ വേണ്ടിയാണ് പയ്യന്മാര്‍ വെയിറ്റ് ചെയ്യുന്നത്....ഇവന്‍ എവിടെയൊക്കെ പോകുന്നു എവിടെയൊക്കെ വരുന്നു എന്നൊക്കെ നമ്മള്‍ എടുത്തോണ്ടിരിക്കുകയാ..

പരട്ട അരുണ്‍....അവന്‍റെ ഭാര്യയുടെ വീട്ടിലാണ് താമസം.. നീ എന്താ വിചാരിച്ചേ നമ്മള്‍ ഇവിടെ ചുമ്മ ഇരിക്കുകയാണെന്നാണോ വിചാരിച്ചേ... ആദ്യം അവനെ, അത് കഴിഞ്ഞ ബാക്കിയുള്ളവരെ... അങ്ങനെ ഓരോരുത്തരെയായി നമ്മള്‍ ഇങ്ങ് എടുക്കും... പരോളൊക്കെ റെ‍ഡിയായി ഇരിക്കുന്നത് കൊണ്ടാണ്... നമ്മള് ചെയ്യൂല്ല... നമുക്ക് കേസിനെ ബാധിക്കും... അതുകൊണ്ട് നമ്മള് അതിനുള്ള ആളിനെ സെറ്റ് ചെയ്ത് പിടിച്ചിട്ട്....''

ഇതേ പ്രതി ഒരു രാഷ്ട്രീയ നേതാവിനോട് സംസാരിയ്ക്കുന്നതും, നേതാവ് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്ന സംഭാഷണവുമാണ് മറ്റൊന്ന് . ''കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഡയറക്ട് ഒരു നിര്‍ദ്ദേശം പോയിട്ടുണ്ട്.. അവിടെ എന്തൊക്കെയോ ടീമുകള്‍ ഇറങ്ങിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് റിപ്പോര്‍‍ട്ട് പോയിട്ടുണ്ട്... ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് ജയിലിനകത്ത് ഈ പ്രശ്നമുണ്ടാകുന്നത്'' - എന്നാണ് രാഷ്ട്രീയ നേതാവ് ഈ സംഭാഷണത്തില്‍ പ്രതിയോട് പറയുന്നത്.

സുനിൽ ബാബു വധക്കേസിൽ പ്രതികളായ അരുൺ, അനീഷ്, കിച്ചു എന്നിവരാണ് കൂട്ടായ്മയിൽ പങ്കെടുത്ത പരോൾ പ്രതികൾ. ഓംപ്രകാശ്, പുത്തൻപാലം രാജേഷ് ഉൾപ്പെടെ 12 പേർ പങ്കെടുത്ത ഗുണ്ടാ കൂട്ടായ്മയുടെ കാരണം ക്വട്ടേഷൻ ആസൂത്രണമെന്ന ആരോപണം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണറാണ് സംഭവത്തെ കുറിച്ച് നിലവിൽ അന്വേഷണം നടത്തുന്നത്.