LiveTV

Live

Kerala

മലങ്കര പള്ളിത്തര്‍ക്കം; ഇരു വിഭാഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ മുന്‍നിലപാടുകളില്‍ ഉറച്ചു നിന്നു, പത്ത് ദിവസത്തിനകം തുടര്‍ചര്‍ച്ചകളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്

മലങ്കര പള്ളിത്തര്‍ക്കം; ഇരു വിഭാഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

മലങ്കര പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമവായമായില്ല. യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ മുന്‍നിലപാടുകളില്‍ ഉറച്ച് നിന്നു. പത്ത് ദിവസത്തിനകം തുടര്‍ചര്‍ച്ചകളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ യാക്കോബായ വിഭാഗത്തിന്‍റെ പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ചിരിന്നു.

ഇതോടെ സംസ്ഥാനമുടനീളം സംഘര്‍ഷമുണ്ടായി. പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇരുപക്ഷത്തേയും ചര്‍ച്ചക്ക് വിളിച്ചത്. പള്ളികള്‍ പിടിച്ചെടുക്കുന്ന നടപടി ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണം. പള്ളികളില്‍ ഹിതപരിശോധന നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് രാവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത യാക്കോബായ വിഭാഗം മുന്നോട്ട് വച്ചത്.

കോടതി വിധി നടപ്പാക്കണമെന്നും കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ലെന്നുമുള്ള നിലപാട് ഓര്‍ത്തഡോക്സ്‍‍ സഭ ആവര്‍ത്തിച്ചു. പത്ത് ദിവസത്തിനകം ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞാല്‍ ഇരുകൂട്ടര്‍ക്കും കാര്യമായ പ്രശ്നങ്ങളില്ലാത്ത തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ കഴിയുമോ സംശയം നിയമവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്.