LiveTV

Live

Kerala

ജലീലിനെതിരായ സമരത്തിൽ 3000 പേർക്കെതിരെ കേസ്

കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. 9 ദിവസത്തെ സമരങ്ങളിലായി ആകെ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

ജലീലിനെതിരായ സമരത്തിൽ 3000 പേർക്കെതിരെ കേസ്

മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തിയ മൂവായിരം പേര്‍ക്കെതിരെ കേസ്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. 9 ദിവസത്തെ സമരങ്ങളിലായി ആകെ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനടക്കമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. വഴിതടയൽ, പോലീസിനെതിരായ അക്രമം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികളാണ് സമരരംഗത്തിറങ്ങിയിരുന്നത്. ഇതില്‍ ബി.ജെ.പി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുണ്ട്.

ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഓരോ ദിവസത്തെയും സമരങ്ങള്‍ക്കെതിരെ പ്രത്യേകം പ്രത്യേകം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പിഴയടച്ചാല്‍ തീരുന്ന കേസല്ല ഇത് എന്നതാണ് ഏറെ ഗൌരവകരം. കേസില്‍ പ്രതികളാകുന്നവര്‍ കോടതിയില്‍ ഹാജരായിട്ടു തന്നെ നിയമനടപടികള്‍ നേരിടേണ്ടിവരും.