റെഡ് അലര്‍ട്ട്: ഇടുക്കിയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവും മുന്‍കരുതലും
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ ജില്ലാ ഭരണകൂടം കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ജില്ലയില്‍ മഴ ശക്തമാണ്.
ജില്ലയില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലാണ് കൂടുതല്‍ മഴ പെയ്യുന്നത്. ഈ സാഹചര്യത്തില്‍ മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ക്യാമ്പുകള്‍ക്കായി പ്രത്യേകം കെട്ടിടങ്ങള്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
അപകടങ്ങളുണ്ടായാല്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ദേശീയ ദുരന്തനിവാരണ സേനയേയും ഫയര്‍ഫോഴ്സിനേയും ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, ലോവര്‍ പെരിയാര്‍ ഡാമുകള്‍ ഇന്നലെ തുറന്നിരുന്നു.
മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന് 1500 ക്യുമിക്സ് വരെ വെള്ളം ഒഴുക്കി വിടാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. പെരിയാറിലും തൊടുപുഴയാറിലും ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
ഇടുക്കി ഡാമില്‍ നിലവിലെ ജലനിരപ്പ് 2379.68 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 81 ശതമാനമാണ് നിലവിലുള്ളത്. 10 ദിവസത്തിനിടയില്‍ ആറ് അടി വര്‍ദ്ധനവാണ് ഉണ്ടായത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 14 അടികൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും.
Adjust Story Font
16