LiveTV

Live

Kerala

കോണ്‍സുലേറ്റിലുള്ളവരെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല? സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

അന്വേഷണ സംഘത്തില്‍ നേരത്തെയുള്ള അത്രയും വിശ്വാസം മുഖ്യമന്ത്രി ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല.

കോണ്‍സുലേറ്റിലുള്ളവരെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല? സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന സംശയം ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും അവര്‍ക്കെതിരെ അന്വേഷണം പറ്റില്ലെങ്കില്‍ അത് തുറന്ന് പറയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണ സംഘത്തില്‍ നേരത്തെയുള്ള അത്രയും വിശ്വാസം മുഖ്യമന്ത്രി ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല. സ്വര്‍ണം കടത്തിയവരിലേക്കും സ്വീകരിച്ചവരിലേക്കും അന്വേഷണം പോകാത്തതിലുള്ള സംശയം മുഖ്യമന്ത്രി പ്രകടിപ്പിച്ചു- കോണ്‍സുലേറ്റില്‍ ഉള്ളവരെ ചോദ്യം ചെയ്യണം. സാധാരണ ഇതാണ് ചെയ്യേണ്ടത്. കോണ്‍സുലേറ്റില്‍ ഉള്ളവരെ കുറിച്ച് അന്വേഷിക്കണം. എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല എന്ന വിഷയം ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി ബന്ധപ്പെടുന്നവരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. അതേ നിലപാടിലേക്ക് മുഖ്യമന്ത്രിയും എത്തിച്ചേരുന്നതിന്‍റെ സൂചനയാണ് ഇന്നലത്തെ വാക്കുകള്‍ നല്‍കുന്നത്. കള്ളക്കടത്തിലെ പ്രധാന കണ്ണികള്‍ക്കെതിരെ അന്വേഷണം പോകാതെ സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെടുന്നവര്‍ക്കെതിരെ മാത്രം വീണ്ടും അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ ഉണ്ടായാല്‍ പരസ്യമായി കേന്ദ്രഏജന്‍സികളെ തള്ളിപ്പറയാനാണ് സിപിഎം തീരുമാനം.