LiveTV

Live

Kerala

ബന്ധുവിലുള്ള വിശ്വാസം പോപ്പുലര്‍ ഫിനാന്‍സിലെത്തിച്ചു; അജിതക്ക് നഷ്ടമായത് ജീവിതകാലത്തെ സമ്പാദ്യം

പ്രായമായ അമ്മക്ക് സഹായം നൽകുന്നതിനും തന്‍റെ രണ്ട് പെൺമക്കളുടെ ഭാവിയെ കരുതിയുമാണ് നിക്ഷേപം ആരംഭിച്ചതെന്നാണ് അജിത പറയുന്നത്

ബന്ധുവിലുള്ള വിശ്വാസം പോപ്പുലര്‍ ഫിനാന്‍സിലെത്തിച്ചു; അജിതക്ക് നഷ്ടമായത് ജീവിതകാലത്തെ സമ്പാദ്യം

പോപ്പുലർ ഫിനാൻസിന്‍റെ തട്ടിപ്പിൽ കുരുങ്ങി മൂന്ന് ലക്ഷം രൂപയാണ് അടൂർ മണക്കാല സ്വദേശി അജിതക്ക് നഷ്ടമായത്. സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അടുത്ത ബന്ധുവിലുള്ള വിശ്വാസമാണ് അവരെ പോപ്പുലർ നിക്ഷേപകയാക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഇടപെടലുണ്ടായാൽ നഷ്ടമായ പണം തനിക്കും തിരികെ ലഭിക്കുമെന്നാണ് അജിതയുടെ വിശ്വാസം.

സ്വകാര്യ സ്ഥാപനത്തിൽ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. വീട്ടുകാര്യങ്ങൾ നോക്കാനാണ് പിന്നീട് ജോലി ഉപേക്ഷിച്ച് അവർ മുഴുവൻ സമയ വീട്ടമ്മയായത്. ഭർത്താവ് ബെന്നറ്റ് വിദേശത്താണങ്കിലും പശു വളർത്തിയും മിച്ചം പിടിച്ചും അജിത സ്വന്തം നിലയിൽ ഒരു തുക സ്വരുക്കൂട്ടിയിരുന്നു.

പ്രായമായ അമ്മക്ക് സഹായം നൽകുന്നതിനും തന്‍റെ രണ്ട് പെൺമക്കളുടെ ഭാവിയെ കരുതിയുമാണ് നിക്ഷേപം ആരംഭിച്ചതെന്നാണ് അജിത പറയുന്നത്. എന്നാൽ സ്വന്തം നിലയിൽ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലന്നും അവർ പറയുന്നു.

പോപ്പുലർ ഫിനാൻസിന്‍റെ ഇടപാടുകാരിൽ കള്ളപ്പണക്കാരുണ്ടാകാം, എന്നാൽ ഓരോ സ്വപ്നവും പേറി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം അവിടെ നിക്ഷേപം നടത്തിയ ചില അജിതമാരും ഉണ്ട്.