LiveTV

Live

Kerala

കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളും സ്വത്ത് തട്ടിപ്പും: കാര്യസ്ഥന്‍റെ മൊഴി വ്യാജം

7 മരണങ്ങളിലും സ്വത്ത് തട്ടിയെടുക്കലിലും കൂടത്തായി മോഡല്‍ ദുരൂഹതയെന്ന പരാതിയിലെ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്

കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളും സ്വത്ത് തട്ടിപ്പും:  കാര്യസ്ഥന്‍റെ മൊഴി വ്യാജം

തിരുവനന്തപുരം കരമനയിലെ കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്ക് കുരുക്ക്. സ്വത്ത് തട്ടിയെടുത്തതിലെ ഗൂഢാലോചനാ കുറ്റത്തിന് രവീന്ദ്രന്‍ നായരെ ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ അറസ്റ്റ് ചെയ്തേക്കും. രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴികള്‍ കളവെന്നതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു.

കരമന കൂടത്തില്‍ കുടുംബത്തിലെ 7 മരണങ്ങളിലും സ്വത്ത് തട്ടിയെടുക്കലിലും കൂടത്തായി മോഡല്‍ ദുരൂഹതയെന്ന പരാതിയിലെ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. കുടുംബ വീടായ ഉമാ മന്ദിരത്തില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധന്‍ നായരെ കേന്ദ്രീകരിച്ചുള്ള ജില്ല ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

രവീന്ദ്രന്‍ നായര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മരിക്കുന്നതിന് മുന്‍പ് ജയമാധവന്‍ നായര്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി നല്‍കിയെന്ന രവീന്ദ്രന്‍ നായരുടെ മൊഴി കളവാണെന്നാണ് കണ്ടെത്തല്‍. വില്‍പത്രം തയ്യാറാക്കിയത് ഉമാമന്ദിരത്തില്‍ വെച്ച് തന്നെയാണെന്ന വാദവും പൊളിഞ്ഞു. വില്‍പത്രത്തില്‍ ഒപ്പിട്ട സാക്ഷി അനില്‍ ഇത് നിഷേധിച്ചതോടെയാണിത്.

രവീന്ദ്രന്‍ നായരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ ഇക്കാലയളവില്‍ അനധികൃതമായി അക്കൌണ്ടില്‍ പണമെത്തിയെന്നും വ്യക്തമായി. മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണം നേരിടുന്ന സംഭവത്തില്‍ സ്വത്ത് തട്ടിപ്പ് വ്യക്തമായതോടെ, ഇത് വില്‍ക്കുന്നത് തടയാനായി അന്വേഷണസംഘം റവന്യൂ അധികൃതര്‍ക്കടക്കം കത്ത് നല്‍കി.

തെളിവ് ശേഖരണത്തിന് ശേഷം സ്വത്ത് തട്ടിപ്പില്‍ രവീന്ദ്രന്‍ നായരെ പ്രതി ചേര്‍ത്ത് അറസ്റ്റിനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. എന്നാല്‍ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹത നീക്കാനായിട്ടില്ല. കുഴഞ്ഞ് വീണ ദിവസം ജയമാധവന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയിലാണെന്ന രവീന്ദ്രന്‍ നായരുടെ വാദം പൊളിഞ്ഞു. ഓട്ടോ ഡ്രൈവര്‍ തന്നെ ഇത് നിഷേധിച്ച് മൊഴി നല്‍കിയതോടെയാണിത്.

മാനസിക അസ്വാസ്ഥ്യമുള്ളപ്പോള്‍ ജയമാധന്‍ നായര്‍ക്ക് രവീന്ദ്രന്‍ നായര്‍ മദ്യം വാങ്ങി നല്‍കിയിരുന്നെന്ന വിവരവും പരിശോധിക്കുന്നുണ്ട്. മരണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി രവീന്ദ്രന്‍ നായരെ വീണ്ടും ചോദ്യം ചെയ്യാനാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നീക്കം.