LiveTV

Live

Kerala

ഓപൺ സർവകലാശാലയല്ല പരിഹാരം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

കഴിവും യോഗ്യതയും അഭിലാഷവുമുണ്ടായിട്ടും മതിയായ ഉപരിപഠനാവസരങ്ങൾ നിഷേധിക്കപ്പെട്ട് ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് ആനയിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ തുടർപഠന - തൊഴിൽ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു

ഓപൺ സർവകലാശാലയല്ല പരിഹാരം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുൻഗണനാക്രമത്തിൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള സർക്കാർ നീക്കം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ റെഗുലർ കോളേജുകളിൽ ഉപരിപഠനം നടത്താൻ കഴിവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾ തന്നെയാണ് നിലവിൽ വിവിധ സർവകലാശാലകൾക്ക് കീഴിൽ വിദൂര വിദ്യാഭ്യാസം വഴി ഉപരി പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. മതിയായ കോഴ്സുകളുടെയും കോളേജുകളുടെയും അപര്യാപ്തത മൂലം ' റെഗുലർ വൃത്ത 'ത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ഇത്തരം വിദ്യാർത്ഥികളെ ഓപ്പൺ സർവകലാശാലയിലേക്ക് ആനയിക്കുന്നത് തികഞ്ഞ അനീതിയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഓപ്പൺ യൂനിവേഴ്സിറ്റികളുടെ കോഴ്സുകൾ അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും നിലവിൽ അംഗീകരിക്കുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ തൊഴിൽ ദാതാക്കളും തൊഴിൽ രംഗത്ത് റെഗുലറിനെ അപേക്ഷിച്ച് ഓപ്പൺ യൂണിവേഴ്സിറ്റി / വിദൂര വിദ്യാഭ്യാസ കോഴ്സുകളോട് വിവേചനം കാണിക്കുന്നുണ്ട്. കഴിവും യോഗ്യതയും അഭിലാഷവുമുണ്ടായിട്ടും മതിയായ ഉപരിപഠനാവസരങ്ങൾ നിഷേധിക്കപ്പെട്ട് ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് ആനയിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ തുടർപഠന - തൊഴിൽ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

ആയതിനാൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസര സമത്വവുമായും ഗുണനിലവാരവുമായും സാമൂഹ്യനീതിയുമായും ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ പരിഹാരം എന്ന നിലയ്ക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മുമ്പാകെ സമർപ്പിക്കുകയും അടിയന്തര തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പിലാക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.

1. സംസ്ഥാനത്ത് സർക്കാർ - എയിഡഡ് മേഖലയിൽ കൂടുതൽ കോളേജുകൾ ആരംഭിക്കുകയും കൂടുതൽ വിദ്യാർത്ഥികൾക്ക് റെഗുലർ കോളേജുകളിൽ പഠനാവസരം ഉറപ്പ് വരുത്തുകയും വേണം. നിലവിലുള്ള മുഴുവൻ സർക്കാർ കോളേജുകളിലും നൂതന കോഴ്സുകൾ ആരംഭിക്കുകയും, ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുവാനും അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുവാനും വേണ്ട കർമപദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

2. അക്കാദമിക - ഭരണനിർവഹണ മേഖലകളിൽ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാൻ, താങ്ങാവുന്നതിലധികം അഫിലിയേറ്റഡ് കോളേജുകളുള്ള കാലിക്കറ്റ് , എം ജി എന്നീ യൂണിവേഴ്സിറ്റികൾക്ക് കീഴിലെ കോളേജുകൾ പുന:സംവിധാനിച്ച് രണ്ട് പുതിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ രൂപീകരിക്കണം.

3. കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ അക്കാദമിക - വൈജ്ഞാനിക - ഭരണനിർവഹണ മേഖലകളിലെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുകയും വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസ പഠന വിഭാഗം കൂടുതൽ കാര്യക്ഷമമായി തുടരുകയും

വേണം.

സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്റാഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ എസ് നിസാർ, മഹേഷ് തോന്നയ്ക്കൽ, കെ എം ഷെഫ്രിൻ, നജ്ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു.