LiveTV

Live

Kerala

ജലീലിന്‍റെ രാജി ആവശ്യങ്ങള്‍ക്കിടെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന്

ജലീലിന്‍റെ രാജി ആവശ്യം രണ്ട് യോഗങ്ങളും തള്ളുമെങ്കിലും ഇടത് മുന്നണി യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്

ജലീലിന്‍റെ രാജി ആവശ്യങ്ങള്‍ക്കിടെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന്

കെ.ടി ജലീലിന്‍റെ രാജി ആവശ്യം ശക്തമായിരിക്കെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് ഇടത് മുന്നണി യോഗവുമാണ് നടക്കുന്നത്. ജലീലിന്‍റെ രാജി ആവശ്യം രണ്ട് യോഗങ്ങളും തള്ളുമെങ്കിലും ഇടത് മുന്നണി യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്.

വിവാദങ്ങള്‍ സര്‍ക്കാരിനെ വലിഞ്ഞ് മുറുക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയായിരിക്കും യോഗത്തില്‍ നടക്കുന്നത്. കെ.ടി ജലീല്‍, ഇ.പി ജയരാജന്‍റെയും കോടിയേരിയുടെയും മക്കള്‍ക്ക് എതിരായ വിവാദങ്ങള്‍ എല്ലാം യോഗത്തിന്‍റെ പരിഗണനക്ക് വരും.കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും കേന്ദ്രസര്‍ക്കാരിന്‍റെ താത്പര്യപ്രകാരം സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്ന് വരും.വി മുരളീധരനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. ജലീലിന്‍റെ രാജി ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിക്കളയും.

വൈകിട്ട് മൂന്ന് മണിക്കാണ് ഇടത് മുന്നണി യോഗം നടക്കുന്നത്. ജലീലിന്‍റെ രാജി ആവശ്യം മുന്നണി നേതൃത്വവും തള്ളിക്കളയുകയാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നതില്‍ സി.പി.ഐ അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ഇത് മുന്നണി യോഗത്തില്‍ പ്രതിഫലിക്കും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പ്രചരണപരിപാടികളും യോഗം തീരുമാനിക്കും. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെങ്കിലും അടുത്താഴ്ച നടക്കുന്ന സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും നേതൃയോഗങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.