LiveTV

Live

Kerala

സ്വപ്നയുടെ ആശുപത്രിവാസം; വിദഗ്ധ പരിശോധനക്ക് തയ്യാറാകാത്തതിൽ ദുരൂഹത

നെഞ്ചുവേദനയെന്ന് പറഞ്ഞെങ്കിലും ആഞ്ചിയോഗ്രാമടക്കമുള്ള വിദഗ്ധ പരിശോധനയ്ക്ക് വിധേയയാകാൻ സ്വപ്ന തയ്യാറായില്ല

സ്വപ്നയുടെ ആശുപത്രിവാസം; വിദഗ്ധ പരിശോധനക്ക് തയ്യാറാകാത്തതിൽ ദുരൂഹത

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആശുപത്രിവാസത്തിൽ ദുരൂഹതയേറ്റി മെഡിക്കൽ റിപ്പോർട്ട്. നെഞ്ചുവേദനയെന്ന് പറഞ്ഞെങ്കിലും ആഞ്ചിയോഗ്രാമടക്കമുള്ള വിദഗ്ധ പരിശോധനയ്ക്ക് വിധേയയാകാൻ സ്വപ്ന തയ്യാറായില്ല. വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നെഞ്ചുവേദനയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആറുദിവസം ചികിത്സ തേടിയതിലാണ് ദുരൂഹതയേറിയത്. വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ട്, ജയിൽ മേധാവിക്ക് കൈമാറിയ മെഡിക്കൽ റിപ്പോർട്ടിലാണ് സ്വപ്നയെ കേന്ദ്രീകരിച്ച് സംശയം ബലപ്പെട്ടത്. നെഞ്ചുവേദനയെന്ന് പറഞ്ഞാണ് സ്വപ്ന ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും വിദഗ്ധ പരിശോധനയിൽ നിന്ന് പിന്മാറി.

ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ആഞ്ചിയോഗ്രാം നടത്താൻ ജയിൽ അധികൃതർ സമ്മതിച്ചു. എന്നാൽ ഇത് നടത്താൻ സ്വപ്ന തയ്യാറായില്ല. ഇതേ തുടർന്ന്, കഴിക്കാനുള്ള മരുന്നുകൾ മാത്രം വാങ്ങിയാണ് ഡിസ്ചാർജ്ജായതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതിയായ കെ.ടി റമീസിന്‍റെ മെഡിക്കൽ റിപ്പോർട്ടും സമാനമായ രീതിയിൽ സംശയകരമായിരുന്നു. ഇരുവരും ഒരേ സമയം ആശുപത്രിയിൽ കഴിഞ്ഞത് സംബന്ധിച്ച വിവാദത്തിൽ മധ്യമേഖല ജയിൽ ഡിഐജി അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ട് വൈകാതെ ജയിൽ മേധാവിക്ക് സമർപ്പിക്കുമെന്ന് ഡി.ഐ.ജി വ്യക്തമാക്കി.