LiveTV

Live

Kerala

ജലീലിന്‍റെ എന്‍.ഐ.എ ഓഫീസിലേക്കുള്ള യാത്ര എസ്കോട്ടില്ലാതെ

രാത്രി പത്ത് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേക്ക് പോയ മന്ത്രി പിന്നെ തിരിച്ചെത്തിയില്ല

ജലീലിന്‍റെ എന്‍.ഐ.എ ഓഫീസിലേക്കുള്ള യാത്ര എസ്കോട്ടില്ലാതെ

എസ്കോര്‍ട്ട് പോലും ഉപേക്ഷിച്ചായിരുന്നു എന്‍.ഐ.എയ്ക്ക് മുന്നിലേക്കുള്ള മന്ത്രി കെ.ടി ജലീലിന്‍റെ യാത്ര. രാത്രി പത്ത് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേക്ക് പോയ മന്ത്രി പിന്നെ തിരിച്ചെത്തിയില്ല. ഇതോടെ തന്നെ മന്ത്രി ഇന്ന് ഹാജരാകുമെന്ന സൂചനകളുണ്ടായിരുന്നു.

ആരേയും ഒന്നും അറിയിക്കാതെയായിരുന്നു ആ യാത്ര. പത്ത് മണിക്ക് ശേഷം ഔദ്യോഗിക വസതിയില്‍ നിന്നും മന്ത്രിയുടെ കാര്‍ പുറത്തേക്ക്. ഒപ്പം ഗണ്‍മാനും. പൈലറ്റ് വാഹനം പോലും കൂട്ടാതെയുള്ള യാത്ര. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനവും മന്ത്രിയും തിരിച്ചെത്തിയില്ല. നേരെ വാഹനം പോയത് എറണാകുളത്തേക്ക്. രാത്രി തിരുവനന്തപുരം വിട്ട മന്ത്രിയെ പിന്നെ കാണുന്നത് എന്‍ഐഎ ഓഫീസില്‍. ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം വിട്ട മന്ത്രി അതിനിടയില്‍ സ്വകാര്യ വാഹനത്തിലേക്ക് മാറിയിരുന്നു. മുന്‍ ആലുവ എം.എല്‍.എ യൂസുഫിന്‍റെതായിരുന്നു കാര്‍.

ഇ.ഡിയ്ക്ക് മുന്നില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ വന്ന് പോയത് പോലെ പോകാനായിരുന്നു മന്ത്രിയുടെ ആഗ്രഹമെന്ന് വ്യക്തം. കഴിഞ്ഞ തലവണ വ്യവസായിയുടെ കാറിലായിരുന്നു യാത്രയെങ്കില്‍ ഇത്തവണ അത് പാര്‍ട്ടി നേതാവിന്‍റെ വാഹനത്തിലേക്ക് മാറി. വ്യവസായിയുടെ വാഹനത്തിലെ യാത്രയില്‍ മുന്നണിയിലുണ്ടായ മുറുമുറുപ്പും യാത്ര പാര്‍ട്ടി നേതാവിന്‍റെ വാഹനത്തിലാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചിരിക്കാം. പക്ഷേ ഇത്തവണ കഴിഞ്ഞ തവണത്തെ പോലെയായിരുന്നില്ല കാര്യങ്ങള്‍.