LiveTV

Live

Kerala

യെസ് ബാങ്കിലെ നിക്ഷേപം; അന്വേഷണത്തില്‍ ഭയമില്ലെന്ന നിലപാട് ഉയര്‍ത്തി പ്രതിരോധവുമായി സര്‍ക്കാര്‍

യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയതിന്‍റെ പേരില്‍ ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് കിഫ്ബിയുടെ നിലപാട്

യെസ് ബാങ്കിലെ നിക്ഷേപം; അന്വേഷണത്തില്‍ ഭയമില്ലെന്ന നിലപാട് ഉയര്‍ത്തി പ്രതിരോധവുമായി സര്‍ക്കാര്‍

യെസ് ബാങ്കില്‍ 250 കോടി രൂപ നിക്ഷേപിച്ചതിനെ കുറിച്ചുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ ഭയമില്ലെന്ന നിലപാട് ഉയര്‍ത്തി പ്രതിരോധവുമായി സര്‍ക്കാര്‍. യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയതിന്‍റെ പേരില്‍ ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് കിഫ്ബിയുടെ നിലപാട്. എന്നാല്‍ യെസ് ബാങ്കിന്‍റെ മുന്‍ ഡയറക്ടര്‍ പിന്നീട് കിഫ്ബിയുടെ ഡയറക്ടര്‍ ബോര്‍ഡിലെത്തിയതും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.

കിഫ്ബി പണം നിക്ഷേപിക്കുന്ന കാലത്ത് ടിഎസ് വിജയന്‍ യെസ് ബാങ്കിന്‍റെ ഡയറക്ട് ബോര്‍ഡ് അംഗമായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കിഫ്ബിയുടെ ബോര്‍ഡ് അംഗമാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. എന്നാല്‍ ഐ.ആര്‍.ഡിഎ ചെയര്‍മാനായി വിരമിച്ചയാള്‍ രണ്ട് വര്‍ഷത്തേക്ക് മറ്റ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇതിന് തടസമായി. ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പിന്നീട് ഈ കാലപരിധിയ്ക്ക് ശേഷം 2020 മാര്‍ച്ചില്‍ ടി.എസ് വിജയനെ കിഫ്ബിയില്‍ സ്വതന്ത്ര അംഗമായി ഉള്‍പ്പെടുത്തി. ഈ നിയമനടക്കം യെസ് ബാങ്കിലെ കിഫ്ബി നിക്ഷേപത്തെ കുറിച്ച് സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതും നിലവിലെ അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി പരിശോധിക്കും. എന്നാല്‍ സംശയങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് കിഫ്ബി സിഇഒയുടെ നിലപാട്.

യെസ് ബാങ്കില്‍ ഏഴ് തവണയായി നടത്തിയ നിക്ഷേപവും ബാങ്കിന്‍റെ ക്രെഡിറ്റ് റേറ്റിങ് ഇടിഞ്ഞതിന് പിന്നാലെ കിഫ്ബി പിന്‍വലിച്ചിരുന്നു. ഇന്‍വെസ്റ്റ് മാനേജ്മെന്‍റ് പോളിസി വിദഗ്ദ സമിതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇത് ചൂണ്ടികാട്ടിയാണ് ആരോപണങ്ങളെ കിഫ്ബി പ്രതിരോധിക്കുന്നത്. പണം നഷ്ടമാക്കാത്തതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളത്.