LiveTV

Live

Kerala

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി

സ്വപ്നയെ കണ്ടത് പൊലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണ തൊഴിലാളികളെ‌ അകത്ത് പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാര്‍ മൊഴി ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി

തൃശൂര്‍ മെഡിക്കല്‍ കോളജില്‍‌ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി. സ്വപ്നയെ കണ്ടത് പൊലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണെന്നും നഴ്സ്മാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി. അതിനിടെ സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണംനടത്തും. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വപ്നക്കൊപ്പം സെൽഫി എടുത്തോ എന്നത് പരിശോധിക്കും. സ്വപ്നയെയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയരാക്കും

നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആറ് ദിവസം ചികിത്സി തേടുകയും ചെയ്തിരുന്നു. ഈ സമയത്ത് ഉന്നതരുമായി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയത്. എന്നാല്‍ സ്വപ്ന ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ മൊഴി. പൊലീസിന്‍റെ കാവല്‍ ഉണ്ടായിരുന്നുവെന്നും, ഇവരുടെ സാന്നിധ്യത്തില്‍മാത്രമാണ് സ്വപ്നയെ കണ്ടെതെന്നുമാണ് നഴ്സ്മാരുടെ വിശദീകരണം. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ഇവരുടെ ഫോണുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വപ്നയുമായി ചേര്‍ന്ന് സെല്‍ഫിയെടുത്തുവെന്ന ആരോപണം നിലനില്‍ക്കയൊണ് നടപടി.

റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കു. അതേസമയം സ്വപ്നയെ ആശുപത്രിയല്‍ പ്രവേശിപ്പിച്ച സമയത്ത് അനില്‍ അക്കര എം.എല്‍.എ മെഡിക്കല്‍ കോളെജ് സന്ദര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇന്‍റലിജന്‍സ് ബ്യൂറോ എം.എല്‍ എ യില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അനിൽ അക്കരക്ക് സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. എം.എൽ.എ ആർക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദർശിച്ചത് എന്ന് അന്വഷിക്കണമെന്നും ആശുപത്രി സന്ദർശനം ദുരൂഹമാണെന്നുമാണ് ആരോപണം.