LiveTV

Live

Kerala

സമസ്തയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലീഗ്; ആശങ്കയോടെ സി.പി.എം

ലീഗുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ ജിഫ്രി തങ്ങള്‍ നിലപാടുകള്‍ വിഷയാധിഷ്ഠിതമായിരിക്കുമെന്ന് സൂചിപ്പിച്ചു

സമസ്തയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലീഗ്; ആശങ്കയോടെ  സി.പി.എം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെയും പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന്‍റെയും പശ്ചാത്തലത്തില്‍ സമസ്തയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുസ്‍ലിംലീഗ് ശ്രമം തുടങ്ങി.

സമസ്ത നേതാക്കളുമായി ഇന്നലെ പാണക്കാട്ട് ലീഗ് നേതൃത്വം നടത്തിയ ചര്‍ച്ച ഇതിന്‍റെ ഭാഗമാണ്. ലീഗുമായുള്ള ചരിത്രപരമായ ബന്ധം ഊന്നിപ്പറഞ്ഞ് സമസ്ത പ്രസ്താവനയിറക്കിയത് സി.പി.എം കേന്ദ്രങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായതിന് പിറകെ കൂടുതല്‍ സ്വതന്ത്രവും കണിശവുമായ നിലപാടുകളിലേക്ക് സമസ്ത മാറിയത് ലീഗിന് പലപ്പോഴും പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

പല വിഷയങ്ങളിലും ലീഗിനൊപ്പം നില്‍ക്കാതിരുന്ന സമസ്ത എല്‍.ഡി.എഫ് സര്‍ക്കാറുമായി നല്ല ബന്ധത്തിലുമാണ്. സമസ്തയുടെയും ലീഗിന്‍റെയും മുഖപ്പത്രങ്ങളുടെ കാംപയിനുകള്‍ ഒരേസമയം നടക്കുന്നതിനാല്‍ പ്രവര്‍ത്തകര്‍ ചേരി തിരിയുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സമസ്ത നേതാക്കളെ പാണക്കാട്ടേക്ക് വിളിച്ച് ലീഗ് ചര‍്ച്ച നടത്തിയത്. ലീഗുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ ജിഫ്രി തങ്ങള്‍ നിലപാടുകള്‍ വിഷയാധിഷ്ഠിതമായിരിക്കുമെന്ന് സൂചിപ്പിച്ചു.

പൗരത്വ പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങളില്‍ സി.പി.എം അടക്കമുള്ള മതേതര കക്ഷികളുമായി സഹകരിക്കുന്നത് തുടരും. യോഗത്തിന് ശേഷം, ലീഗുമായുള്ള ചരിത്രപരമായ ബന്ധം സൂചിപ്പിച്ച് സമസ്ത തന്നെ പ്രസ്താവനയിറക്കി. ഇത് ലീഗിന് ആശ്വാസമായപ്പോള്‍ സി.പി.എം കേന്ദ്രങ്ങളില്‍ ചര്‍ച്ചയുമായി.

സമസ്ത പ്രത്യക്ഷമായി തന്നെ യു.ഡി.എഫ് പക്ഷം പിടിക്കുകയാണോ എന്ന സംശയം സി.പി.എമ്മിനുണ്ട്. പ്രമുഖ സി.പി.എം നേതാവ് തന്നെ ഇക്കാര്യത്തില്‍ സമസ്തയുമായി ഇന്നലെ ആശയവിനിമയം നടത്തി.

അതിനിടെ സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. സമസ്തക്കെതിരെ ജലീല്‍ നടത്തിയ വിമര്‍ശനങ്ങള്‍ കൂടി സൂചിപ്പിച്ചാണ് ബഷീര്‍ ഫൈസിയുടെ കുറിപ്പ്. പാണക്കാട്ട് നടന്നത് സാധാരണ യോഗം മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.